ന്യൂയോര്‍ക്ക്: ചൈനീസ് ഭക്ഷണ വൈവിധ്യവും രുചിയും അമേരിക്കയ്ക്കു പരിചയപ്പെടുത്തിയ എഡ് ഷോണ്‍ഫെല്‍ഡ്നിര്യാതനായി. മാന്‍ഹട്ടനിലെ റെഡ് ഫാം റെസ്റ്റോറന്റ് ശൃംഖലകളുടെ ഉടമയായ അദ്ദേഹം
അര്‍ബുദവുമായുള്ള നീണ്ട പോരാട്ടത്തെ തുടര്‍ന്ന് നെവാര്‍ക്കിലെ വീട്ടിലാണ് അന്ത്യശ്വാസം വലിച്ചതെന്ന് മകന്‍ അറിയിച്ചു; 72 വയസ്സായിരുന്നു.
ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന് അമേരിക്കയിലെ ജനങ്ങളില്‍ ചൈനീസ് ഭക്ഷണ വിഭവങ്ങളോടുള്ള താല്‍പ്പര്യമുണര്‍ത്തുന്നതില്‍ ചൈനാക്കാരനല്ലാത്ത ഈ ജൂത ന്യൂയോര്‍ക്കര്‍ വഹിച്ച പങ്ക് മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു. എഡ് ഷോണ്‍ഫെല്‍ഡ് മുഖ്യപാചകക്കാരനായും ഉപദേശകനായും ഉടമയായും ഉയര്‍ന്നുവന്ന ചൈനീസ് റെസ്റ്റോറന്റുകള്‍ നിരവധി. 'ചൈനീസ് ഭക്ഷണത്തിന്റെ സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയ' എന്നും ചൈനീസ് 'പാചകരീതിയുടെ അംബാസഡര്‍ ' എന്നും അറിയപ്പെട്ടിരുന്നു അദ്ദേഹം.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ 1960-കളുടെ അവസാനം ചൈനീസ് പാചകവുമായി അവിചാരിതമായാണ് എഡ് ഷോണ്‍ഫെല്‍ഡ് ബന്ധപ്പെട്ടത്. പാചക പുസ്തക രചയിതാവും പ്രശസ്ത പാചക പരിശീലകനുമായ ഗ്രേസ് ചൂവിന്റെ കീഴില്‍ അദ്ദേഹം പഠനം തുടങ്ങി.പല കുടിയേറ്റ പാചകവിദഗ്ധരുമായും സഹവസിച്ചു. ബ്രൂക്ക്‌ലിന്‍ ഹൈറ്റ്‌സ് പ്രസ് എന്ന പ്രാദേശിക പത്രത്തിന് വേണ്ടി അദ്ദേഹം 'ഗ്രേവി സ്റ്റെയിന്‍സ്' എന്ന പേരില്‍ ഒരു ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് കോളം എഴുതിയിരുന്നു.
'മിക്ക മികച്ച പ്രൊഫഷണല്‍ ഷെഫുകള്‍ക്കും നല്‍കാനാകാത്ത തരത്തിലുള്ള ഒരു പാചകരീതിയും സമാനതകളില്ലാത്ത വിദ്യാഭ്യാസവുമാണ് എനിക്കായി തുറന്നു കിട്ടിയത്. ഒരു പ്രത്യേക ഇനം എങ്ങനെ പാചകം ചെയ്യാമെന്ന് ചൂ അങ്കിള്‍ എന്നെ ഒരിക്കലും വ്യക്തമായി കാണിച്ചിട്ടില്ല. പകരം ഒരു മാസ്റ്ററെയും വിദ്യാര്‍ത്ഥിയെയും പോലെ നിരീക്ഷിക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചു. കണ്ടും രുചിച്ചും അറിവ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലൂടെ ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു'- എഡ് അനുസ്മരിച്ചു.
വരുമാനം വര്‍ധിപ്പിക്കുന്നതിനായി, ചൈനക്കാരല്ലാത്ത ന്യൂയോര്‍ക്കുകാര്‍ക്ക് വേണ്ടി എഡ് ഷോണ്‍ഫെല്‍ഡ് ചൈനീസ് അത്താഴ വിരുന്നുകള്‍ സംഘടിപ്പിച്ചത് പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യം നല്‍കിയായിരുന്നെന്ന് മകന്‍ ഓര്‍മ്മിക്കുന്നു.ചൈനീസ് പ്രാദേശിക പാചകരീതിയുടെ മഹത്വത്തിലേക്ക് ന്യൂയോര്‍ക്കുകാരുടെ കണ്ണുതുറപ്പിക്കാന്‍ സഹായിച്ചത് ഈ അത്താഴ വിരുന്നുകളും റെസ്റ്റോറന്റുകളുമായിരുന്നു. 'ചൈനീസ് കുക്കറിയുടെ കണ്‍സള്‍ട്ടന്റ്, ടാലന്റ് സ്‌കൗട്ട്, ടേസ്റ്റര്‍, മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാന്‍' എന്നല്ലാമാണ് 1984-ല്‍ ന്യൂയോര്‍ക്ക് മാഗസിന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
അങ്കിള്‍ തായ്'സ്് ഹുനാന്‍ യുവാന്‍ എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ ചൈനീസ് റെസ്റ്റോറന്റ് തുറക്കാന്‍ ഡേവിഡ് കെയെ ഷോണ്‍ഫെല്‍ഡ് സഹായിച്ചത് നിര്‍ണ്ണായകമായി. 1973-ല്‍, ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് ഫോര്‍-സ്റ്റാര്‍ റേറ്റിംഗ് നേടി ഈ സ്ഥാപനം. വെസ്റ്റ് വില്ലേജിലെ റെഡ് ഫാം ഉള്‍പ്പെടെ നിരവധി റെസ്റ്റോറന്റുകള്‍ പിന്നീട് ഷോണ്‍ഫെല്‍ഡ് തുറന്നു. 2011-ല്‍ ഷെഫ് ജോ എന്‍ജിയുമായി ചേര്‍ന്ന് ചൈനീസ്-അമേരിക്കന്‍ തല്‍സമയ പാചക ശാലയ്ക്ക് തുടക്കമിട്ടു. ഇത് വന്‍ ഹിറ്റായി. തുടര്‍ന്ന് ആന്റി യുവാന്‍, പിഗ് ഹെവന്‍ തുടങ്ങി ലണ്ടനില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നൈപുണ്യം പകരുന്ന റെസ്റ്റോറന്റുകളും ആരംഭിച്ചു. ഷോണ്‍ഫെല്‍ഡിന്റെ സംവിധാനത്തിലൊരുങ്ങിയ മധുരവും പുളിയുമുള്ള പന്നിയിറച്ചി, മുട്ട റോളുകള്‍, മുട്ട ഫൂ യംഗ് എന്നിവ പോലെയുള്ള ഡിഷുകള്‍ അമേരിക്കക്കാര്‍ക്കു പ്രിയങ്കരമായി.
എഡ്വേര്‍ഡ് ലോറന്‍സ് ഷോണ്‍ഫെല്‍ഡ് 1949 സെപ്തംബര്‍ 19 ന് എന്‍ജെയിലെ ജേഴ്‌സി സിറ്റിയില്‍ തിയോഡോര്‍ ഷോണ്‍ഫെല്‍ഡിന്റെയും ലിലിയന്റെയും (പെസസ്) ഏക മകനായാണ് ജനിച്ചത്. ബ്രൂക്ക്‌ലിനിലെ ക്ലിന്റണ്‍ ഹില്‍ പരിസരത്തായിരുന്നു ബാല്യകാലം. ജോര്‍ജ്ജ് എസ് മേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയില്‍ വ്യവസായ എഞ്ചിനീയറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ലീല എന്നറിയപ്പെടുന്ന അമ്മ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ ന്യൂയോര്‍ക്ക് സിറ്റി ഓഫീസ് മാനേജരായിരുന്നു.
ക്ലിന്റണ്‍ ഹില്ലിലെ വുഡ്വാര്‍ഡ് സ്‌കൂളിലും പിന്നീട് ബ്രൂക്ക്‌ലിനിലെ പോളി പ്രെപ്പ് കണ്‍ട്രി ഡേ സ്‌കൂളിലും വിദ്യാര്‍ത്ഥിയായിരുന്ന എഡ് 15-ാം വയസ്സില്‍, കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലിയില്‍ കര്‍ഷക തൊഴിലാളി നേതാവ് സീസര്‍ ഷാവേസിനൊപ്പം സാമൂഹിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏറെ സമയം ചെലവഴിച്ചയാളാണ്. മാതാപിതാക്കള്‍ ജോലിയിലായിരിക്കവേ ,സ്‌കൂള്‍ വിട്ടെത്തുമ്പോള്‍ അമ്മയുടെ അമ്മയായ ഗോള്‍ഡി പെസ്സസിന്റെ അടുക്കളയില്‍ ചിക്കന്‍ സൂപ്പ്, ക്രെപ്ലാച്ച്, കിഷ്‌കെ, ബ്ലിന്റ്സെസ് എന്നിവ ഉണ്ടാക്കാന്‍ സഹായിച്ചതിലൂടെയാണ് എഡ് പാചക തല്‍പ്പരനായത്.
2019 ഓഗസ്റ്റില്‍ ലിവര്‍ കാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഷോണ്‍ഫെല്‍ഡ് റെസ്റ്റോറന്റുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറച്ചു. പക്ഷേ അവസാനം വരെ അദ്ദേഹം നടത്തിപ്പില്‍ പങ്കാളിയായിരുന്നെന്ന് മൂത്ത മകന്‍ എറിക് ഷോണ്‍ഫെല്‍ഡ് പറയുന്നു. പാചക പുസ്തകങ്ങള്‍ വായിക്കുന്നതിലും തല്‍പ്പരനായിരുന്നു. എലിസ ഹെര്‍ ആണ് ഭാര്യ. ആദം ഷോണ്‍ഫെല്‍ഡ് ഇളയ മകനും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.