പുതുതായി കണ്ടെത്തിയ മഴത്തവളയ്ക്ക് ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പേര്

പുതുതായി കണ്ടെത്തിയ മഴത്തവളയ്ക്ക് ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പേര്

റിച്ച്മോണ്ട്: പനാമ കാട്ടില്‍ കണ്ടെത്തിയ പുതിയ ഇനം മഴത്തവളയ്ക്ക് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പേര് നല്‍കി. മഴത്തവള ഇനി മുതല്‍ ഗ്രെറ്റ തന്‍ബെര്‍ഗ് റെയിന്‍ഫ്രോഗ് എന്നാണ് അറിയപ്പെടുക. പുതുതായി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ചില ജീവജാലങ്ങളുടെ പേരിടല്‍ അവകാശം റെയിന്‍ഫോറസ്റ്റ് ട്രസ്റ്റ്, തങ്ങളുടെ 30-ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ലേലം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ലേലം ഏറ്റയാളാണ് മഴത്തവളയ്ക്ക് തന്‍ബര്‍ഗിന്റെ പേര് നല്‍കിയിരിക്കുന്നത്.

ആബേല്‍ ബാറ്റിസ്റ്റയുടെ നേതൃത്വത്തില്‍ നടന്ന ഒരു പര്യവേഷണത്തിലാണ് വ്യത്യസ്തമായ വലിയ കറുത്ത കണ്ണുകളോടുകൂടിയ തവളയെ കണ്ടെത്തിയത്. പത്ത് വര്‍ഷത്തോളമായി ബാറ്റിസ്റ്റയും മെബര്‍ട്ടും പനാമയില്‍ ജോലി ചെയ്യുകയാണ്. ഇതിനിടെ അവര്‍ 12-ഓളം പുതിയ സ്പീഷീസുകള്‍ കണ്ടെത്തുകയും എട്ട് ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തകര്‍ന്നുവീണ രണ്ട് ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങള്‍ക്ക് സമീപത്തായി ഏകദേശം 3,000 അടി താഴ്ചയില്‍ കുത്തനെയുള്ള ചെളി നിറഞ്ഞ പാതകളിലൂടെ, കുതിരപ്പുറത്തും കാല്‍നടയായുമാണ് പര്യവേഷണ സംഘം ഈ പ്രദേശത്തെത്തിയത്. അതിവേഗ വനനശീകരണം മൂലം ഗ്രെറ്റ തന്‍ബര്‍ഗ് റെയിന്‍ഫ്രോഗിന്റെ ആവാസവ്യവസ്ഥ അപകടത്തിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പേര് മഴത്തവളയ്ക്ക് ഇടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെയിന്‍ഫോറസ്റ്റ് ട്രസ്റ്റ് സിഇഒ ജെയിംസ് ഡച്ച് പത്രക്കുറിപ്പില്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം അവസാനിപ്പിക്കാന്‍ നാം ഇപ്പോള്‍ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവിയെന്ന് ഗ്രെറ്റ നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ജെയിംസ് ഡച്ച് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.