ടോംഗയിലെ അഗ്നിപര്‍വ്വത സ്ഫോടനം; ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ടോംഗയിലെ അഗ്നിപര്‍വ്വത സ്ഫോടനം; ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

സിഡ്‌നി: പസഫിക് ദ്വീപ് രാജ്യമായ ടോംഗയോടു ചേര്‍ന്ന് വെള്ളത്തിനടിയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് ഓസ്ട്രേലിയയുടെ ചില കിഴക്കന്‍ തീരങ്ങളിലും ദ്വീപുകളിലും സുനാമി മുന്നറിയിപ്പ്. കിഴക്കന്‍ ഓസ്ട്രേലിയയുടെ ചില മേഖലകളിലാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി സുനാമി മുന്നറിയിപ്പ് നല്‍കിയത്.

ന്യൂസിലാന്‍ഡ്, കാനഡ, യുഎസ്, ഓസ്ട്രേലിയയിലെ ലോര്‍ഡ് ഹോവ്, നോര്‍ഫോക്ക്, മക്വാരി ദ്വീപുകള്‍ എന്നിവയുള്‍പ്പെടെ പസഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപര്‍വ്വതം ആണ് പൊട്ടിത്തെറിച്ചത്. പെട്ടിത്തെറിയുടെ പിന്നാലെ വന്‍ സുനാമി തിരകളുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒരു പള്ളിയിലൂടെയും നിരവധി വീടുകളിലൂടെയും വെള്ളം ഒഴുകുന്നത് കാണാം. തലസ്ഥാനമായ നുകുഅലോഫയില്‍ ചാരം വീഴുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറിയതായി റിപ്പോര്‍ട്ടുണ്ട്.

ടോംഗ ദ്വീപുകളിലും ജപ്പാന്റെ ചില ഭാഗങ്ങളിലും ആദ്യം തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സുനാമി ഭീഷണിയുടെ തോത് ലഘൂകരിച്ചെങ്കിലും ന്യൂ സൗത്ത് വെയില്‍സ്, ലോര്‍ഡ് ഹോവ് ദ്വീപ്, നോര്‍ഫോക്ക് ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഗ്നിപര്‍വ്വത സ്ഫോടനത്തിനു ശേഷം ജപ്പാനിലെ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററിലധികം തിരമാലകള്‍ ആഞ്ഞടിച്ചതിനാല്‍ ലക്ഷക്കണക്കിന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചതായി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.

സുനാമി സാധ്യത കണക്കിലെടുത്ത് എട്ട് പ്രവിശ്യകളിലായി ഏകദേശം 2,30,000 ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. 2011-ലെ സുനാമി നാശം വിതച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടെയാണ് ജാഗ്രതാ നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.