മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നാട്ടിലേക്കു തിരിച്ചയച്ചു. ഇന്നലെ ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ച ജോക്കോവിച്ച് ഇന്ന് ദുബായിലെത്തി. ഇവിടെ നിന്നും താരം സ്വന്തം നാടായ സെര്‍ബിയയിലേക്കു തിരിക്കുമെന്നാണ് സൂചന. ഇന്ന് ആരംഭിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകാതെയാണ് താരത്തിന്റെ നിരാശനായുള്ള മടക്കം. വാക്‌സിന്‍ സ്വീകരിക്കാതിരുന്ന ജോക്കോയുടെ പ്രവൃത്തി ഓസ്‌ട്രേലിയയും സെര്‍ബിയയും തമ്മിലുള്ള തര്‍ക്കത്തിനു കാരണമാകുകയും താരത്തിന് അപമാനിതായി മടങ്ങേണ്ടിയും വന്നു.
വിസ രണ്ടു തവണ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നല്‍കിയ അപ്പീല്‍ മെല്‍ബണിലെ ഫെഡറല്‍ കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് താരത്തെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തിയത്. മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാനുമാകില്ല.
ഇതോടെ ഇന്ന് ആരംഭിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ താരത്തിന് നഷ്ടമായി. ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ ഈ മാസം അഞ്ചിന് മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ് വിസ റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെയാണ് ജോക്കോ എത്തിയത്. വാക്‌സിനേഷനില്‍ ഇളവു നേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാനുമായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ ആദ്യം അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചുകിട്ടി. പിന്നാലെ മോചിതനായ ജോക്കോ പരിശീലനവും തുടങ്ങി.
എന്നാല്‍, പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കുകയായിരുന്നു. കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലക്‌സ് ഹോക് വ്യക്തമാക്കി. ഇതിനെതിരേ താരം വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍, മൂന്നംഗ ഫെഡറല്‍ കോടതി ജോക്കോയുടെ അപ്പീല്‍ തള്ളി.
ജോക്കോ പുറത്തായതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മത്സരക്രമവും മാറി. ഇന്നാണ് അദ്ദേഹത്തിന്റെ ആദ്യമത്സരം നിശ്ചയിച്ചിരുന്നത്.
ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ ചരിത്രം കുറിക്കാമെന്ന ജോക്കോയുടെ സ്വപ്നമാണ് തകര്‍ന്നത്. റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, ജോക്കോവിച്ച് എന്നിവര്‍ക്ക് 20 വീതം കിരീടമാണുള്ളത്. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാമെന്നുള്ള പ്രതീക്ഷകളാണ് അവസാനിച്ചത്. ഫെഡറല്‍ കോടതിയുടെ അന്തിമതീരുമാനത്തില്‍ താന്‍ അങ്ങേയറ്റം നിരാശനാണെന്ന് ജോക്കോവിച്ച് പറഞ്ഞു.
ജോക്കോവിച്ചുമായി സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക് ഫോണില്‍ സംസാരിച്ചു. താരത്തെ നാട്ടില്‍ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് വുസിക് പറഞ്ഞു.
അതേസമയം ജോക്കോവിച്ചിന്റെ പ്രവേശന വിലക്ക് വേഗം അവസാനിപ്പിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അദ്ദേഹത്തിന് പ്രവേശനം അനുവദിക്കും.
നിയമപ്രകാരം മൂന്നു വര്‍ഷത്തേക്കാണു വിലക്ക്. എന്നാല്‍ ശരിയായ സമയത്ത് ജോക്കോവിച്ചിന് മടങ്ങിവരാനാകും. അത് ആ സമയത്ത് പരിഗണിക്കും-സ്‌കോട്ട് മോറിസണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ജോക്കോവിച്ചിനെ അനുവദിക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.