ജീവനോടുള്ള ആദരവും പരിസ്ഥിതി സംരക്ഷണ താല്‍പ്പര്യവും ഉള്ളവര്‍ രാജ്യത്തെ നയിക്കണം: ഫ്രാന്‍സിലെ ബിഷപ്പുമാര്‍

ജീവനോടുള്ള ആദരവും പരിസ്ഥിതി സംരക്ഷണ താല്‍പ്പര്യവും ഉള്ളവര്‍ രാജ്യത്തെ നയിക്കണം: ഫ്രാന്‍സിലെ ബിഷപ്പുമാര്‍


പാരിസ്: ജീവനോടുള്ള ആദരവും പരിസ്ഥിതി സംരക്ഷണ താല്‍പ്പര്യവും ധാര്‍മ്മിക, സാമൂഹിക ജാഗ്രതയുമുള്ളവരാകണം രാജ്യത്തെ നയിക്കേണ്ടതെന്നും രാഷ്ട്രീയത്തില്‍ ക്രിസ്തുമതത്തെ ചൂഷണം ചെയ്യാന്‍ അനുവദിക്കരുതെന്നും ഫ്രാന്‍സിലെ കത്തോലിക്കാ ബിഷപ്പുമാര്‍. ഏപ്രിലില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ മനസ്സിരുത്തി പൂര്‍ണ്ണ വിവേകത്തോടെയാകണം വോട്ടു ചെയ്യേണ്ടതെന്ന് ബിഷപ്പുമാരുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു.

ഗര്‍ഭച്ഛിദ്ര കാല പരിധി 12-ല്‍ നിന്ന് 14 ആഴ്ച വരെയായി നീട്ടാനുള്ള ബില്‍ 'സമൂഹത്തിനെതിരായ ഒരു അധിക അക്രമം' ആണെന്ന് ബിഷപ്പുമാര്‍ നിരീക്ഷിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍, പാരിസ്ഥിതിക പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് പുറപ്പെടാന്‍ എല്ലാ ഫ്രഞ്ച് പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, വികലാംഗരെയും കുടിയേറ്റക്കാരെയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും ബിഷപ്പുമാര്‍ ആഹ്വാനം ചെയ്യുന്നു.

ഫ്രാന്‍സിന്റെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഏപ്രില്‍ 10 നു നടക്കും. ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ രണ്ടാം റൗണ്ട് ഏപ്രില്‍ 24 നായിരിക്കും. ജൂണ്‍ 12-19 തീയതികളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. പ്രചാരണം ചൂടുപിടിക്കുന്നതിനിടെ 'പ്രതീക്ഷ നിരാശപ്പെടുത്തുന്നില്ല' എന്ന ശീര്‍ഷകത്തില്‍ ഫ്രാന്‍സിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രബന്ധത്തിലാണ് ആനുകാലിക സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള ദിശാ സൂചനകളുള്ളത്.2006, 2011, 2016 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ മുന്‍ പ്രസ്താവനകളുടെ അനുബന്ധമായുള്ളതാണ് മനസ്സാക്ഷിയോടെ വോട്ടവകാശം വിനിയോഗിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന 60 പേജുള്ള ഈ രേഖ.

സമാധാനത്തില്‍ ഒരുമിച്ചുള്ള ജീവിതം, എല്ലാ മനുഷ്യ ജീവനുകളോടുമുള്ള ബഹുമാനം, മതം, സമഗ്രമായ പരിസ്ഥിതിശാസ്ത്രം തുടങ്ങി ബിഷപ്പുമാര്‍ തങ്ങളുടെ പരിഗണനാ വിഷയങ്ങളെ ഏഴ് തലക്കെട്ടുകള്‍ നല്‍കിയാണ് വിഭജിക്കുന്നത്. സാമൂഹിക ചര്‍ച്ചയെ നയിക്കാന്‍ സഹായിക്കുന്നതിന് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓരോ അധ്യായവും അവസാനിക്കുന്നു.

അതേസമയം, രാജ്യത്തെ അധികാര ശ്രേണിയിലുള്ള ചില സഭാ പ്രതിനിധികള്‍ പാപങ്ങളില്‍ മുഴുകുന്നതിലുള്ള നൈരാശ്യം ഏറ്റുപറഞ്ഞുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാവരും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള തങ്ങളുടെ ആഗ്രഹവും ബിഷപ്പുമാര്‍ മുന്നോട്ടുവയ്ക്കുന്നു. ഈ ആശയം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ സംവാദത്തിന് കാലിക പ്രസക്തിയുണ്ടെന്ന് രേഖയില്‍ പറയുന്നു.

'കഠിനവും അപകടകരവുമായ സമയം'

'ഇത്തരത്തിലുള്ള സംവാദത്തില്‍ കത്തോലിക്കാ സഭ ഇടപെടുന്നത് വിനയത്തോടെയാണ്... എന്നിരുന്നാലും, കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ സ്ഥിരം കൗണ്‍സില്‍ ഈ പ്രതിഫലനം പങ്കുവെക്കാന്‍ ധൈര്യപ്പെടുന്നു, കാരണം നാം വിശ്വസിക്കുന്ന ക്രിസ്തു തെറ്റുകള്‍ക്കും അതീതമായി പാപങ്ങള്‍ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് അവനു സാക്ഷ്യം വഹിക്കാന്‍ നമ്മെ ക്ഷണിക്കുന്നു.'

കോവിഡ് -19 സാഹചര്യത്തിലെ വര്‍ദ്ധിച്ചുവരുന്ന വിഘടനം ഉള്‍പ്പെടെ, ഫ്രഞ്ച് സമൂഹം നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുവെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് അക്രമം വര്‍ദ്ധിക്കുന്നതിലെ ആശങ്ക വിശദമായി പങ്കുവയ്ക്കുന്നുണ്ട് രേഖയില്‍.'നമ്മുടെ ദേശീയ സമൂഹത്തെ വിഘടിപ്പിക്കുന്ന തരത്തിലുള്ള അപകട സാധ്യതയും അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ പുനരുജ്ജീവനവും യഥാര്‍ത്ഥമാണ്'.

എല്ലാ ജനങ്ങളും അവരുടെ പൗര ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്യുന്നു. 'ധാര്‍മ്മികവും സാമൂഹികവുമായ ജാഗ്രതയും പ്രതീക്ഷയും നിലനിര്‍ത്തിയാകണം ക്രിസ്ത്യാനികള്‍ പൗരാവകാശം വിനിയോഗിക്കേണ്ടത്. കയ്‌പ്പേറിയ നിഷേധാത്മകത നമ്മെ വലയം ചെയ്യാന്‍ അനുവദിക്കരുത്.കഠിനവും അപകടകരവുമായ സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ആസന്നമായ സമയപരിധി നിര്‍ണായകമാണെന്നറിയണം. ഭയം എപ്പോഴും ഒരു മോശം ഉപദേശകനാണ്. ധീരവും ആരോഗ്യകരവുമായ തിരഞ്ഞെടുപ്പുകളിലേക്കുള്ള വഴി തുറക്കേണ്ടത് പ്രത്യാശയിലൂടെയാണ്.'

ജീവിതത്തോടും പരിസ്ഥിതിയോടുമുള്ള ബഹുമാനം മുഖമുദ്രയാകണം. അതേസമയം, മതത്തെ 'ഐഡന്റിറ്റി പ്ലാറ്റ്‌ഫോ'മായി ഉപയോഗിച്ച് ദേശീയതയിലേക്കുള്ള പ്രലോഭനത്തിനു വഴി വെട്ടുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ ബിഷപ്പുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'മതത്തെ അടിസ്ഥാനമാക്കിയുള്ള ആശയ ധാരകളെ ഒരു പ്രത്യേക ഐഡന്റിറ്റിക്ക് വേണ്ടിയുള്ള അന്വേഷണത്തിലേക്കു ചുരുക്കാന്‍ അനുവദിച്ചുകൂടാ. പകരം, ദൈവത്തെ മുന്‍നിര്‍ത്തി നല്ലതും സത്യവും മനോഹരവുമായവയിലേക്കുള്ള അന്വേഷണം ആണുണ്ടാകേണ്ടത്.'


https://www.vaticannews.va/en/church/news/2022-01/france-catholic-bishops-discernment-presidential-elections.html



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.