ഗ്രീക്ക് സേനയ്ക്കു കരുത്തേകി റഫാല്‍; പൈലറ്റുമാരെയും വിമാനങ്ങളെയും ആശീര്‍വദിച്ച് മെത്രാപ്പോലീത്ത

 ഗ്രീക്ക് സേനയ്ക്കു കരുത്തേകി റഫാല്‍; പൈലറ്റുമാരെയും വിമാനങ്ങളെയും ആശീര്‍വദിച്ച് മെത്രാപ്പോലീത്ത

തനാഗ്ര(ഗ്രീസ്):അയല്‍ രാജ്യമായ തുര്‍ക്കിയില്‍ നിന്നുള്ള ഭീഷണി ഏറുന്നതിനിടെ നാലാം തലമുറ റഫാല്‍ യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കി വ്യോമ സേനയുടെ കരുത്തും ആത്മവിശ്വാസവും ഉയര്‍ത്തി ഗ്രീസ്. ഫ്രാന്‍സിലെ മെറിഗ്‌നാക് വിമാനത്താവളത്തില്‍ നിന്നെത്തിയ ആറ് റഫാലുകളെ ഏഥന്‍സിന് 70 കിലോമീറ്റര്‍ വടക്കുള്ള തനാഗ്ര എയര്‍ഫോഴ്സ് ബേസില്‍ ആവേശപൂര്‍വം ഗ്രീക്ക് സേന വരവേറ്റു.

പുതിയ യുദ്ധ വിമാനങ്ങളുടെ ആശീര്‍വാദമായിരുന്നു എയര്‍ബേസില്‍ നടന്ന സ്വീകരണ ചടങ്ങിന്റെ മുഖ്യ ഭാഗം.ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ തീബ്സിലെയും ലിവാഡിയയിലെയും മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഫ്രാന്‍സില്‍ ഒരു വര്‍ഷത്തെ പരിശീലനം കഴിഞ്ഞെത്തിയ ഗ്രീക്ക് പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും മെത്രാപ്പോലീത്ത ആശീര്‍വദിച്ചു.

ദാസ്സോ ഏവിയേഷന്‍ നിര്‍മ്മിക്കുന്ന 18 റഫാല്‍ ജെറ്റുകളും ആയുധ സംവിധാനങ്ങളും വാങ്ങാന്‍ 2.32 ബില്യണ്‍ യൂറോയ്ക്ക് (2.63 ബില്യണ്‍ ഡോളര്‍) 16 മാസം മുമ്പ് നല്‍കിയ ഓര്‍ഡര്‍ പ്രകാരമുള്ള ആദ്യത്തെ ആറെണ്ണണാണ് എത്തിയത്.'റഫാല്‍ നമ്മുടെ വ്യോമസേനയെ യൂറോപ്പിലെയും മെഡിറ്ററേനിയനിലെയും ഏറ്റവും ശക്തമായ ഒന്നായി മാറ്റുന്നു. ഇത് നമ്മുടെ ദേശീയ നയതന്ത്രത്തിന്റെയും വിശാലമായ സഖ്യങ്ങളുടെയും ആക്കം കൂട്ടും,'- ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു.


ഇതിനിടെ, ഗ്രീസില്‍ റഫാല്‍ വിമാനങ്ങള്‍ സൈനിക ആസ്ഥാനത്ത് ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മതപരമായ ആചാരങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങളുമായി ഇന്ത്യയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ രംഗത്തുവന്നു, ഇന്ത്യയില്‍ മാത്രമല്ല ആയുധ-വാഹന പൂജകളും ആചാരങ്ങളും നടക്കുന്നതെന്ന നിരീക്ഷണത്തോടെ.'ഉച്ചത്തില്‍ മതപരമായ ഉദ്ബോധനങ്ങളും പ്രാര്‍ത്ഥനകളും മൈക്കിലൂടെ മുഴങ്ങുന്നതിനിടെ പുരോഹിതര്‍ തീര്‍ത്ഥ ജലം തളിക്കുകയും പ്രാര്‍ത്ഥിക്കുകയും വിമാനങ്ങളേയും വൈമാനികരേയും അനുഗ്രഹിക്കുകയും ചെയ്തു.'

ഇന്ത്യയ്ക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഫാല്‍ ഏറ്റുവാങ്ങവേ സിന്ദുരം തൊടീച്ചതും നാളികേരം ഉടച്ചതും മന്ത്രങ്ങള്‍ ചൊല്ലിയതും മതവിശ്വാസികളായ ചിലര്‍ എതിര്‍ക്കുകയും പിന്തിരിപ്പിന്‍ ആശയമാണെന്ന് കളിയാക്കുകയും ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയാണ് മേജര്‍ ഗൗരവ് ആര്യ തനാഗ്ര എയര്‍ഫോഴ്സ് ബേസില്‍ ആശീര്‍വാദ ചടങ്ങ് നടന്ന കാര്യം ട്വിറ്ററിലൂടെ അവതരിപ്പിച്ചത്. 'പുരാതന രാജ്യങ്ങള്‍ ഇന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈവിടുന്നില്ല'- ഗൗരവ് ആര്യ കുറിച്ചു.


https://twitter.com/majorgauravarya



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.