ഉക്രെയ്ന്‍ അധിനിവേശം: ജനീവയില്‍ നിര്‍ണായക ചര്‍ച്ചയുമായി യു.എസും റഷ്യയും

ഉക്രെയ്ന്‍ അധിനിവേശം: ജനീവയില്‍ നിര്‍ണായക ചര്‍ച്ചയുമായി യു.എസും റഷ്യയും

ജനീവ: ഉക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തുമെന്ന ആശങ്കകള്‍ ശക്തമാകുന്നതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ജനീവയില്‍ ചര്‍ച്ച നടത്തി.

അടുത്തയാഴ്ച കിഴക്കന്‍ യൂറോപ്പിലെ സൈനിക സാന്നിധ്യം പിന്‍വലിക്കണമെന്ന റഷ്യയുടെ ആവശ്യങ്ങളോട് രേഖാമൂലം മറുപടി നല്‍കാന്‍ യു.എസ് സമ്മതിച്ചതായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ചക്ക് ശേഷം ബ്ലിങ്കനും ലാവ്റോവും സ്ഥിരീകരിച്ചു. ഇതൊരു നിര്‍ണായക നിമിഷമാണെന്ന് ബ്ലിങ്കന്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി പറഞ്ഞു.

'ചര്‍ച്ചയില്‍ വലിയ മുന്നേറ്റങ്ങളൊന്നും സംഭവിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പരസ്പരം നിലപാടുകള്‍ മനസിലാക്കുന്നതിനുള്ള വ്യക്തമായ പാതയിലാണ് ഇരു രാജ്യങ്ങളുമെന്ന് ബ്ലിങ്കന്‍ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പിരിമുറുക്കം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംഭാഷണത്തിന് തയ്യാറാണെന്ന് ഇരുവരും പറഞ്ഞു.

സുപ്രധാന ചര്‍ച്ചയില്‍ വഴിത്തിരിവ് പ്രതീക്ഷിക്കുന്നില്ലെന്നാണ് ലാവ്റോവും വ്യക്തമാക്കിയത്. ഉക്രെയ്ന്‍ അതിര്‍ത്തിക്കടുത്ത് 1,00,000 റഷ്യന്‍ സൈനികരുണ്ടെങ്കിലും ആക്രമണ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെവെച്ച് റഷ്യ ആ നടപടി സ്വീകരിച്ചാല്‍ ഒത്തൊരുമിച്ച കനത്ത പ്രതികരണമുണ്ടാകുമെന്ന് ബ്ലിങ്കന്‍ ലാവ്‌റോവിന് മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ചത്തെ ചര്‍ച്ചയോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ യൂറോപ്യന്‍ പര്യടനം സമാപിക്കും. അതേസമയം, നാറ്റോയില്‍ ചേരുന്നതില്‍ നിന്ന് ഉക്രെയ്‌നെ തടയണമെന്നതുള്‍പ്പെടെയുള്ള സുരക്ഷ ആശങ്കകളാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പാശ്ചാത്യരാജ്യങ്ങളോട് നേരത്തെ പങ്കുവെച്ചത്. പാശ്ചാത്യസഖ്യം സൈനികാഭ്യാസങ്ങള്‍ ഉപേക്ഷിച്ച് കിഴക്കന്‍ യൂറോപ്പിലേക്ക് ആയുധങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നിരന്തരം മുന്നറിയിപ്പ് കൊടുത്തിട്ടും സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുദിവസമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് നിയോഗിച്ചതും സംഘര്‍ഷത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഏത് സമയവും ഒരു ആക്രമണം ആരംഭിച്ചേക്കാം എന്ന ഭീതിയിലാണ് ഉക്രെയ്ന്‍. യൂറോപ്പിന്റെ മുഴുവന്‍ സുരക്ഷയാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.