'സാക്ഷിയെ ഭീഷണിപ്പെടുത്തി': നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

 'സാക്ഷിയെ ഭീഷണിപ്പെടുത്തി': നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. വിചാരണ കോടതിയില്‍ സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാല്‍ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാല്‍ വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി.എ ഷാജിയാണ് എതിര്‍വാദം നടത്തുന്നത്.

ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നു. സാക്ഷി പറയാന്‍ പോയ 22 പേരില്‍ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ ഇതില്‍ അന്വേഷണം ആവശ്യമില്ലേയെന്നും വസ്തുതകള്‍ പുറത്ത് വരേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുന്‍ വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

ഗൂഢാലോചന, പ്രേരണക്കുറ്റം എന്നിവ നിലനില്‍ക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. എന്നാല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടത്തിയത് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.