വീണ്ടും ചോദ്യമുനയില്‍: ദിലീപിനെയും കൂട്ടുപ്രതികളെയും മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം; മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

വീണ്ടും ചോദ്യമുനയില്‍: ദിലീപിനെയും കൂട്ടുപ്രതികളെയും മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം; മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം എട്ടുവരെ ചോദ്യം ചെയ്യല്‍ തുടരാം.

ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പിന്‍ ചോദ്യംചെയ്യലിന് ഹാജരാകണം. ചൊവ്വാഴ്ച അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും. അതുവരെ അറസ്റ്റുണ്ടാകരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

ജാമ്യം നല്‍കിയാല്‍ അന്വേഷണത്തില്‍ ഇടപെടരുതെന്നും എങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഗൂഢാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി. ഗൂഢാലോചന നടത്തിയാല്‍ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.

പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കേസ് പ്രാധാന്യമുള്ളതാണെന്നും വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് വിലയിരുത്തിയ ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹര്‍ജി ശനിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. രാവിലെ ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ട് വാദം കേള്‍ക്കുകയായിരുന്നു. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തുടക്കത്തില്‍ ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിച്ചത്.

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ അത് ഗൂഢാലോചനയായി കരുതാനാകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

അതിനിടെ, ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള ചൂണ്ടിക്കാട്ടി. കള്ളക്കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞു. അത് ശാപവാക്കുകളായി കണ്ടാല്‍ മതി. പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍.

കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ കേസ്. ബാലചന്ദ്ര കുമാര്‍ പറയുന്നത് പുതിയതായി പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. നാലര വര്‍ഷം ബാലചന്ദ്ര കുമാര്‍ ഒന്നും മിണ്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിപ്പെട്ടതിന് ശേഷമാണ് ദിലീപിനെതിരായ പുതിയ കേസ്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

എന്നാല്‍, കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞു. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയിരുന്ന മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പോലെ അല്ല ഈ കേസെന്നും, ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്ടോബര്‍ മൂന്നിനാണ് ജയില്‍ മോചിതനായത്.

2017 ഫെബ്രുവരി 17 ന് രാത്രി അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു എന്നതായിരുന്നു കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.