അപൂര്‍വ്വ സംഭവം; കെനിയയില്‍ ഇരട്ട ആനക്കുട്ടികള്‍ ജനിച്ചു

അപൂര്‍വ്വ സംഭവം; കെനിയയില്‍ ഇരട്ട ആനക്കുട്ടികള്‍ ജനിച്ചു

നയ്‌റോബി: ആനകള്‍ക്ക് അപൂര്‍വ്വമായി മാത്രമാണ് ഇരട്ടകള്‍ ജനിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ദേശീയോദ്യാനത്തില്‍ ഇരട്ട ആനക്കുട്ടികള്‍ പിറന്ന വാര്‍ത്തയാണ് മൃഗസ്‌നേഹികളെ ആകര്‍ഷിക്കുന്നത്. സാംബുരു റിസര്‍വില്‍ 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇരട്ട ആനക്കുട്ടികളുടെ ജനനം. വാരാന്ത്യത്തില്‍ സഫാരിക്ക് പോയ ടൂര്‍ ഗൈഡുകളാണ് കുട്ടിക്കൊമ്പനെയും പിടിയാനയെയും കണ്ടത്. ബോറ എന്ന ആനയാണ് ഇരട്ട കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.

പ്രാദേശിക ജീവകാരുണ്യ സംഘടനയായ സേവ് ദ എലിഫന്റ്‌സ് പരിപാലിക്കുന്ന രണ്ടാമത്തെ ഇരട്ട ആനക്കുട്ടികളാണിത്. അപൂര്‍വ്വമായി മാത്രമാണ് ആനകളില്‍ ഇരട്ടകള്‍ ജനിക്കുന്നത്. ഒരു ശതമാനം മാത്രമാണ് ആനകള്‍ ഇരട്ടകളായി പിറക്കാനുള്ള സാധ്യത. 2006-ല്‍ കെനിയയിലാണ് അവസാനമായി ഇരട്ട ആനക്കുട്ടികള്‍ ജനിച്ചത്.

എന്നാല്‍ 15 വര്‍ഷം മുമ്പ് ജനിച്ച ഇരട്ട ആനക്കുട്ടികള്‍ അധികനാള്‍ ജീവനോടെ ഉണ്ടായിരുന്നില്ല. പലപ്പോഴും അമ്മമാര്‍ക്ക് രണ്ട് ആനക്കുട്ടികളെ പോറ്റാനുള്ള പാല്‍ ഉണ്ടാകാറില്ലെന്ന് സേവ് ദ എലിഫന്റ്‌സ് സ്ഥാപകന്‍ ഡോ. ഇയാന്‍ ഡഗ്ലസ് ഹാമില്‍ട്ടണ്‍ പറഞ്ഞു.

ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആഫ്രിക്കന്‍ ആനകള്‍ക്കാണ്. ഏകദേശം 22 മാസത്തോളം അവര്‍ കുഞ്ഞുങ്ങളെ വഹിക്കുന്നു. ഓരോ നാല് വര്‍ഷത്തിലും അവ പ്രസവിക്കുന്നു. ശ്രീലങ്കയിലെ പിന്നവാല ഗ്രാമത്തിലെ ആന അനാഥാലയത്തിലെ 25 വയസുള്ള സുരംഗിക്കും കഴിഞ്ഞ വര്‍ഷം കൊമ്പനാനകള്‍ ജനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.