ഒമിക്രോണിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി ഫലപ്രദമല്ലെന്ന് ആരോഗ്യ വകുപ്പ്

ഒമിക്രോണിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി ഫലപ്രദമല്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഒമിക്രോണ്‍ വകഭേദത്തിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഫലപ്രദമല്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പ്. അനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മൂര്‍ച്ഛിക്കാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നു മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ഇതിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികള്‍ക്കു നല്‍കുന്നതിനാണു മാര്‍ഗരേഖ പുറത്തിറക്കിയത്.

സംശയമുള്ള സാഹചര്യങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെട്ടു തീരുമാനം എടുക്കണം. കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ക്ക് ഒമിക്രോണോ ഡെല്‍റ്റയോ ബാധിച്ചാലും രോഗ തീവ്രത കുറവായിരിക്കും. അവര്‍ ഗുരുതരാവസ്ഥയിലേക്കു പോകാനുള്ള സാധ്യത വിരളമായിരിക്കും. അവര്‍ക്ക് ആന്റിബോഡി കോക്ടെയ്ല്‍ കൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ വാക്‌സീന്‍ എടുക്കാത്ത ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍, വാക്‌സീന്‍ എടുത്തിട്ടുണ്ടെങ്കിലും ആന്റിബോഡി പ്രതിരോധം കുറവായിരിക്കാന്‍ സാധ്യതയുള്ളവര്‍ എന്നിവരിലാണ് ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ കൊണ്ടു കൂടുതല്‍ ഫലപ്രാപ്തി ലഭിക്കുന്നത്.

എച്ച്‌ഐവി ബാധിതര്‍, അര്‍ബുദ രോഗികള്‍, ഏറെക്കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, അവയവം മാറ്റിവച്ച രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍, തീവ്രമായ കരള്‍ രോഗമുള്ളവര്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ കുറഞ്ഞവര്‍, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നവര്‍. ഇവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഉപയോഗിക്കാം.

ഒമിക്രോണും ഡെല്‍റ്റയും തിരിച്ചറിയാനായി എസ്ജിടിഎഫ് എന്ന സങ്കേതമോ ഒമിഷ്വര്‍ എന്ന ആര്‍ടിപിസിആര്‍ കിറ്റോ ഉപയോഗിക്കാം. ഈ പരിശോധന അടിസ്ഥാനമാക്കിയാകണം മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയിലിന്റെ ഉപയോഗം. ഈ കിറ്റുകള്‍ ലഭ്യമല്ലാത്ത ആശുപത്രികളില്‍ ആന്റിബോഡി കോക്ടെയ്ലിന്റെ ഉപയോഗം പരമാവധി പ്രയോജനം ലഭിക്കുന്ന വിഭാഗത്തിലുള്ള രോഗികള്‍ക്കു മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.