പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു. ഒറ്റരാത്രികൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 24 പ്രാദേശിക കേസുകള്‍. ശനിയാഴ്ച ഏഴ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഞായറാഴ്ച 24 ആയി ഉയര്‍ന്നത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നു പ്രതീക്ഷയില്ലെന്ന് ആരോഗ്യമന്ത്രി തുറന്നു സമ്മതിച്ചു.
നിലവില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം തൊണ്ണൂറില്‍ എത്തിനില്‍ക്കുകയാണ്. 24 പേര്‍ ഹോട്ടലിലും ബാക്കിയുള്ളവര്‍ സ്വന്തം നിലയിലും ക്വാറന്റീനിലാണ്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഉന്മൂലം ചെയ്യാന്‍ സാധിക്കാത്ത വിധം വ്യാപനശേഷിയുള്ളതാണ് ഈ കോവിഡ് വകഭേദം. രോഗവ്യാപനത്തെ എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താം എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ എത്രയെണ്ണം സമൂഹത്തില്‍ പകര്‍ച്ചവ്യാധിക്കു കാരണമാകുമെന്നു വ്യക്തമല്ലെന്ന് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധയ്ക്കു വിധേയരാകണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. ഇന്നലെ 4,743 പരിശോധനകളാണു നടത്തിയതെന്നും സാന്‍ഡേഴ്‌സണ്‍ അറിയിച്ചു.
അതിനിടെ, പെര്‍ത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത് സംസ്ഥാനത്ത് വലിയ വിവാദം സൃഷ്ടിച്ചു. ശനിയാഴ്ച ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലിലാണ് വിവാദത്തിനു കാരണമായ സംഭവമുണ്ടായത്. കോവിഡ് പോസിറ്റീവായ സ്ത്രീയെയും കുട്ടിയെയും മാനദണ്ഡങ്ങള്‍ ലംഘിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചതിനെതുടര്‍ന്ന് മറ്റ് നിരവധി രോഗികളും ആശുപത്രി ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നു.
ഫിയോണ സ്റ്റാന്‍ലി ആശുപത്രി
അത്യാഹിത വിഭാഗത്തിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള ട്രയേജ് യൂണിറ്റിലാണ് സ്ത്രീയും കുട്ടിയും ആദ്യം എത്തിയത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന സ്റ്റാഫ് ഇവരെ മറ്റു രോഗികളുള്ള അത്യാഹിത വിഭാഗത്തിലേക്കു നിര്‍ദേശിക്കുകയായിരുന്നു.
ട്രയേജ് യൂണിറ്റില്‍ എത്തിയപ്പോള്‍ തന്നെ താനും മകനും പോസിറ്റീവ് ആണെന്ന് ഇവിടെയുള്ള സ്റ്റാഫിനോട് അമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇവരെ അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അയയ്ക്കുകയായിരുന്നു.
കാത്തിരിപ്പ് കേന്ദ്രത്തിലെ ജീവനക്കാര്‍ പിഴവ് തിരിച്ചറിയുകയും ഇരുവരെയും മാറ്റുകയും ചെയ്തു. ആശുപത്രിയിലെ ജീവനക്കാര്‍ പപിപിഇയും മാസ്‌കും ധരിച്ചിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവാകുന്നത് വരെ ക്വാറന്റീനിലിരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെയും രോഗികളെയും സംരക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലുണ്ട്. അവ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. രോഗികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. ആശുപത്രികളില്‍ സമാനമായ സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു.
ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ പിഴവ് വരുത്തിയത് നഴ്സല്ലെന്നും നഴ്സിങ് അസിസ്റ്റന്റാണെന്നും നഴ്സസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി മാര്‍ക്ക് ഓള്‍സണ്‍ പറഞ്ഞു.
ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ സംഭവിച്ചതിന് ന്യായീകരണമില്ലെന്ന് പ്രതിപക്ഷ ആരോഗ്യ വക്താവ് ലിബി മെട്ടം കുറ്റപ്പെടുത്തി. സമൂഹത്തില്‍ കോവിഡ് പകരുമ്പോള്‍ ആശുപത്രിയില്‍ പോലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അവര്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26