കൊല്ലാന്‍ ഗൂഢാലോചന നടന്നെന്ന് ഒരു പ്രതി: ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും; ദിലീപ് പ്രതിരോധത്തിലേക്ക്

കൊല്ലാന്‍ ഗൂഢാലോചന നടന്നെന്ന് ഒരു പ്രതി: ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും; ദിലീപ് പ്രതിരോധത്തിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചു.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇവരില്‍ ആരാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ചതെന്ന വിവരം അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് കൈപ്പറ്റിയതായുമുള്ള ആരോപണങ്ങള്‍ ദിലീച് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്.

ഇന്നലത്തെ ചോദ്യം ചെയ്യലിനൊടുവില്‍ സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് പുറത്തു വിട്ടത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി രാവിലെ ഒമ്പതിന് പ്രതികള്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണം.

ഇന്നലെ 11 മണിക്കൂര്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. എസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എസ്.ശ്രീജിത്ത്, ഐജി ഗോപേഷ് അഗര്‍വാള്‍ എന്നിവരും ചോദ്യംചെയ്യല്‍ വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപിന്റെ മൊഴികള്‍ വായിച്ച ശ്രീജിത്ത്, ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നേരിട്ടു ചോദ്യം ചെയ്തു.

അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിര്‍ണായക തെളിവുകള്‍ നേരില്‍ കാണിച്ചുള്ള ചോദ്യം ചെയ്യല്‍ ഇന്നു നടക്കും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലെ പ്രതികളുടെ മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തിയും ചോദ്യങ്ങളുണ്ടാകും. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്.

അതിനിടെ, അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.