തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ചികിത്സാ പ്രതിസന്ധിയും രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കിടക്കകള്‍ക്ക് ദൗര്‍ലഭ്യമായി. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പകുതിയില്‍ അധികം കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു.
എന്നാല്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം സുസജ്ജമാണ്. ആവശ്യത്തിന് മരുന്നും ആശുപത്രികളില്‍ കിടക്കകളും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 57 ശതമാനം ഐസിയു കിടക്കകളും ഒഴിഞ്ഞു കിടക്കുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ നൂറിലധികം നഴ്‌സുമാര്‍ക്കും 30 ഡോക്ടര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ ഐസിയു ബെഡുകള്‍ സജ്ജമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. 18 ബെഡുകള്‍ ഉള്ള ഐസിയു ഒരുക്കും.
സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ ചുരുക്കം ചില ആശുപത്രികളാണ് ഇതുവരെ കിടക്കളുടെ വിവരം അറിയിച്ചത്.
ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പകുതിയില്‍ അധികം കിടക്കകളും നിറഞ്ഞു. കൂടുതല്‍ ഐസിയു ബെഡുകള്‍ സജ്ജമാക്കി പ്രതിസന്ധി മറികടക്കാനാണ് ശ്രമം. അതേസമയം എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രി മേഖലയില്‍ നിലവില്‍ പ്രതിസന്ധിയില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 240 കിടക്കകള്‍ ഉള്ളത്തില്‍ ഒന്നും ഒഴിവില്ലെന്നാണ് വിവരം. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കോക്ടെയില്‍ കുത്തിവെപ്പിനുള്ള മരുന്നിനും ക്ഷാമവും നേരിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അറുപത് കിടക്കകളില്‍ പത്ത് എണ്ണം മാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ വിഭാഗം ഏതാണ്ട് നിറഞ്ഞു. ഐസിയു ബെഡുകളിലും ഇനി കുറച്ചു മാത്രമാണ് ഒഴിവുള്ളത്. ജില്ലയില്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം ചികിത്സ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് അധികൃതര്‍ അറിയിച്ചു. നാല് ദിവസത്തിനിടെ 150 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിലെ കോവിഡ് ബെഡുകളും രോഗികളെക്കൊണ്ട് നിറയുകയാണ്. കിന്‍ഫ്രയില്‍ കൂടുതല്‍ ബെഡുകള്‍ ഒരുക്കി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജില്ലാ ആശുപത്രിയിലെ 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.