കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കൂട്ട കോവിഡ്; ആറ് ഡോക്ടര്‍മാരടക്കം 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കൂട്ട കോവിഡ്; ആറ് ഡോക്ടര്‍മാരടക്കം 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാരടക്കം 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.

ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല എന്നതും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. ഒമിക്രോണ്‍ ഐസൊലേഷന്‍ വാര്‍ഡ് മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്. കോവിഡ് രോഗലക്ഷണമുള്ളവര്‍ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയെത്തുന്നത്.

ആശുപത്രിയില്‍ ഇന്നലെ മാത്രം 190 പേരെ പരിശോധിച്ചപ്പോള്‍ 130 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ആവശ്യമുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കൂ.

കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയില്‍. ഇവിടെയും നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. കാറ്റഗറി എയില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഉയര്‍ന്ന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 47.72 ശതമാനമാണ് ഇന്നലത്തെ ടിപിആര്‍. അതിനിടെ സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സൂചന നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ റാന്‍ഡം പരിശോധനയില്‍ 90 ശതമാനവും ഒമിക്രോണ്‍ കേസുകളാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.