കനത്ത മഞ്ഞുവീഴ്ച യൂറോപ്പില്‍ വ്യാപകമായി; അടച്ചിട്ട നിലയില്‍ ഇസ്താംബുള്‍ വിമാനത്താവളം

  കനത്ത മഞ്ഞുവീഴ്ച യൂറോപ്പില്‍ വ്യാപകമായി;  അടച്ചിട്ട നിലയില്‍ ഇസ്താംബുള്‍ വിമാനത്താവളം


ഇസ്താംബുള്‍: കനത്ത മഞ്ഞുവീഴ്ച യൂറോപ്പിലെ വിമാന ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഇസ്താംബുള്‍ വിമാനത്താവളത്തില്‍ പുറപ്പെടാനാകാതെ കിടക്കുന്ന വിമാനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഇത് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

റണ്‍വേ അടക്കം വിമാനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലമായിരിക്കുന്നതായി ഇസ്താംബുള്‍ വ്യോമ ഗതാഗത വകുപ്പ് അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയില്‍ ഒരു ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുണ്ട്. അറ്റാതുര്‍ക്ക് എയര്‍പോര്‍ട്ടിനു പകരമായി 2019 ല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ പുതിയ കേന്ദ്രമായി ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇസ്താംബുള്‍ വിമാനത്താവളം ഹിമപാതം മൂലം അടച്ചിടുന്നത്.

കൊറോണ വൈറസ് വ്യാധി മൂലമുണ്ടായ തടസ്സങ്ങള്‍ക്കിടയിലും ഇസ്താംബുള്‍ വിമാനത്താവളം കഴിഞ്ഞ വര്‍ഷം 37 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കി. ശൈത്യകാലത്ത് പലപ്പോഴും മൂടല്‍മഞ്ഞ് പ്രവര്‍ത്തനം മുടക്കുന്ന കരിങ്കടല്‍ തീരത്തെ വിമാനത്താവളത്തിനു ബദല്‍ സ്ഥാപിക്കാനുള്ള പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ തീരുമാനത്തെ വിമര്‍ശകര്‍ ചോദ്യം ചെയ്തിരുന്നു.

16 ദശലക്ഷം ആളുകളുള്ള നഗരം ഏറെക്കുറെ നിശ്ചലമാണ്. ഇസ്താംബൂളിലെ പ്രസിദ്ധമായ 'സിമിറ്റ്' ബാഗെല്‍ ഷോപ്പുകള്‍ ശൂന്യമാണ്. ഫുഡ് ഡെലിവറി സേവന ആപ്പുകളും പ്രവര്‍ത്തിക്കുന്നില്ല. ഹൈവേകളില്‍ കാറുകള്‍ ഉപേക്ഷിക്കുന്നവരോട് തിരികെയെത്തി വാഹനങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകാന്‍ ഗവര്‍ണറുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചു.'ദയവായി, നമുക്ക് നമ്മുടെ വാഹനങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യാം,' ഗവര്‍ണര്‍ അലി യെര്‍ലികായ ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.

യൂറോപ്പിലെ കനത്ത മഞ്ഞുവീഴ്ച എല്ലാ മേഖലയേയും ബാധിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ ഓഫീസുകള്‍ എന്നിവയ്ക്കു പുറമേ വാക്സിനേഷന്‍ സെന്ററുകളും അടച്ച നിലയിലാണ് ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സ്. വൈദ്യുതി വിതരണത്തിലും ഇടയ്ക്ക് നേരിട്ട തടസ്സം യുദ്ധകാലാടിസ്ഥാനത്തിലാണ് നീക്കിയത്. ഒപ്പം റോഡ് ഗതാഗത തടസ്സം പരിഹരിക്കാനും സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.