മലയാളി ജവാന്‍ എം. ശ്രീജിത്ത് അടക്കം 12 പേര്‍ക്ക് ശൗര്യചക്ര; നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡല്‍

മലയാളി ജവാന്‍ എം. ശ്രീജിത്ത് അടക്കം 12 പേര്‍ക്ക് ശൗര്യചക്ര; നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡല്‍

ന്യുഡല്‍ഹി: ജമ്മു-കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്ത് അടക്കം 12 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.

ഹവില്‍ദാര്‍ അനില്‍കുമാര്‍ തോമര്‍, ഹവില്‍ദാര്‍ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാര്‍ രാകേഷ് ശര്‍മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്‍കി ആദരിക്കും. ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാര്‍, പൂര്‍ണാനന്ദ്, കുല്‍ദീപ് കുമാര്‍ എന്നീ സിആര്‍പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്‍കി ആദരിക്കും.

മലയാളിയായ ആര്‍.ആര്‍ ശരത്തിന് മരണാനന്തര ബഹുമതിയായി സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കും. കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക് സമ്മാനിക്കും. അല്‍ഫാസ് ബാവു, കൃഷ്ണന്‍, കുമാരി മയൂഖ വി, മുഹമ്മദ് അദ്‌നാന്‍ മൊഹിയുദ്ദീന്‍ എന്നിവര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പതക്.

നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവ മെഡല്‍ സമ്മാനിക്കും. ഉത്തം സേവാ മെഡല്‍ രണ്ട് മലയാളികള്‍ക്ക് ലഭിക്കും. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണ മേനോന്‍ എന്നിവരാണ് ഉത്തം സേവാ മെഡലിന് അര്‍ഹരായ മലയാളികള്‍. അതിവിശിഷ്ട സേവാ മെഡല്‍ ലെഫ്. ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് സമ്മാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.