ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ; ജെയിംസ് വെബ് ദൂരദര്‍ശിനി ലക്ഷ്യസ്ഥാനത്ത്

 ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ; ജെയിംസ് വെബ് ദൂരദര്‍ശിനി ലക്ഷ്യസ്ഥാനത്ത്

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പ് ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് എത്തി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് ലക്ഷ്യസ്ഥാനമായ എല്‍2 ഭ്രമണപഥത്തില്‍ എത്തിയത്. 'വെബ്, വീട്ടിലേക്ക് സ്വാഗതം'!; നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ അനാവരണം ചെയ്യാനുള്ള ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി കടന്നതായി നാസ അറിയിച്ചു.

ഉയര്‍ന്ന റെസല്യൂഷനുള്ള ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് 1350 കോടി വര്‍ഷങ്ങള്‍ പിന്നോട്ട് പോയി ബിഗ് ബാംഗിന് ശേഷം രൂപംകൊണ്ട ഗാലക്സികളുടെ ആദ്യ തലമുറയെപറ്റി പഠിക്കാനാണ് ഉദ്ദേശിക്കുന്നത്.

നേരത്തെ ടെലിസ്‌കോപ്പിന്റെ 6.5 മീറ്റര്‍ വലുപ്പമുള്ള വമ്പന്‍ കണ്ണാടി പൂര്‍ണമായി വിടര്‍ന്നിരുന്നു. ഒറിഗാമി ശൈലിയില്‍ മടക്കി അയച്ച ടെലിസ്‌കോപ്പിന്റെ ഭാഗങ്ങള്‍ വിടര്‍ന്നാണ് പൂര്‍ണരൂപം പ്രാപിച്ചത്. ടെന്നിസ് കോര്‍ട്ടിന്റെ വലുപ്പമുള്ള സൂര്യകവചം കഴിഞ്ഞയാഴ്ച വിടര്‍ത്തിയിരുന്നു. അതീവ നിര്‍ണായകമായ ഈ രണ്ടു പ്രക്രിയകളും പൂര്‍ത്തീകരിച്ചതോടെ ആശങ്കയൊഴിഞ്ഞിരുന്നു.


'ഗോള്‍ഡന്‍ ഐ' എന്നാണ് സ്വര്‍ണം പൂശിയ, പുഷ്പാകൃതിയുള്ള കണ്ണാടിക്കു നാസ നല്‍കിയിരിക്കുന്ന പേര്. ബെറീലിയം ലോഹം ഉപയോഗിച്ചു നിര്‍മിച്ച ഇതിന് ഇതളുകള്‍ പോലെ 18 ഭാഗങ്ങളുണ്ട്.

ബഹിരാകാശത്ത് നിലവില്‍ സ്ഥിതി ചെയ്യുന്ന ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയെന്ന നിലയിലാണ്, ഹബ്ബിളിനേക്കാള്‍ 100 മടങ്ങ് ശേഷിയുള്ള ജയിംസ് വെബ് വിക്ഷേപിച്ചത്.

ഏകദേശം 74,150 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പദ്ധതികളില്‍ ഒന്നാണ്. ക്രിസ്മസ് ദിനത്തിലാണ് ഇതിന്റെ വിക്ഷേപണം നടന്നത്. എക്സോപ്ലാനറ്റുകള്‍ എന്നറിയപ്പെടുന്ന വിദൂര ഗ്രഹങ്ങളെ നിരീക്ഷിക്കാനും അവയുടെ ഉല്‍ഭവം, പരിണാമം, വാസയോഗ്യത എന്നിവ നിര്‍ണയിക്കുന്നതിനുള്ള പഠനവും ഇതിന്റെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. ജൂണ്‍-ജൂലൈയില്‍ ഇതില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.