തലമുടി കൊണ്ട് ചരിത്രം സൃഷ്ടിച്ച ഇന്ത്യക്കാരി- വീഡിയോ കാണാം പരസ്യവാചകങ്ങളില്‍ കേട്ടിട്ടില്ലേ ചരിത്രം പോലും വഴി മാറും ചിലര്‍ വരുമ്പോള്‍ എന്ന്. ശരിയാണ് പലരും ചരിത്രം സൃഷ്ടിക്കാറുണ്ട് സ്വന്തം പേരില്‍. എന്നാല്‍ തലമുടി കൊണ്ടും ചരിത്രം സൃഷ്ടിച്ച ഒരാളുണ്ട്. പേര്, നിലാന്‍ഷി.
ലോകത്ത് ഏറ്റവും നീളമേറിയ മുടിയുള്ള കൗമാരക്കാരി ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് നിലാന്‍ഷി എന്ന പെണ്‍കുട്ടിയുടെ പേര്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് ഏറ്റവും നീളമേറിയ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷി രചിച്ചത്.
നിലാന്‍ഷിയുടെ ഈ നേട്ടത്തില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. കാരണം ഇന്ത്യക്കാരിയാണ് നിലാന്‍ഷി പാട്ടേലെന്ന പതിനെട്ടു കാരി. ആറടിയും ആറ് ദശാംശം ഏഴ് സെന്റിമീറ്ററുമാണ് നിലാന്‍ഷിയുടെ മുടിയുടെ നീളം. തന്റെ ആറാം വയസ്സിലാണ് നിലാന്‍ഷി അവസാനമായി മുടി മുറിച്ചത്. ഗുജറാത്തിലെ മൊഡാസ സ്വദേശിയാണ് ഈ പെണ്‍കുട്ടി.
അതേസമയം നിലാന്‍ഷിയേക്കാള്‍ നീളമുണ്ട് നിലാന്‍ഷിയുടെ മുടിക്ക് എന്നതാണ് മറ്റൊരു കൗതുകം. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഹൈ ഹീല്‍ഡ് ചെരുപ്പുകളാണ് ഈ പെണ്‍കുട്ടി ഉപയോഗിക്കാറുള്ളത്. ഒന്നരമണിക്കൂര്‍ നേരത്തോളം നീണ്ടുനില്‍ക്കുന്ന പരിചരണമാണ് നിലാന്‍ഷി ദിവസവും മുടിക്ക് നല്‍കുന്നത്.
നിലാന്‍ഷിയുടെ മുടിയുടെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് നിലാന്‍ഷിയുടെ മുടിയഴകിനെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നത്. അതേസമയം ലോകത്ത് ഏറ്റവും നീളമുള്ള തലമുടിയുടെ ഉടമ ക്‌സി ക്യുപിംഗ് ആണ്. പതിനെട്ട് അടി അഞ്ച് ഇഞ്ചാണ് ഈ മുടിയുടെ നീളം. ചൈനക്കാരിയായ ക്‌സി ക്യുപിംഗിന്റെ റെക്കോര്‍ഡും താന്‍ ഒരിക്കല്‍ ഭേദിക്കുമെന്നും നിലാന്‍ഷി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.