'ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്': പ്രതിപക്ഷം രാവിലെ ഗവര്‍ണറെ കാണും

'ലോകായുക്ത  ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്': പ്രതിപക്ഷം രാവിലെ ഗവര്‍ണറെ കാണും

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാണ് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെടുക. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ എന്നിവരുണ്ടാകും.

ലോകായുക്ത വിധികള്‍ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കമാണെങ്കില്‍ ആ അധികാരം ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. അല്ലാതെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണരും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. ഈ വിഷയത്തില്‍ ഗവര്‍ണര്‍ ഇതിനകം നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ക്ക് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. നിയമസഭാ സമ്മേളനം വരെ തീരുമാനം നീട്ടിവയ്ക്കുകയും ചെയ്യാം.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി മാസങ്ങളായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാലും കൂടുതല്‍ വിശദീകരണം തേടിയാലും സര്‍ക്കാരിന് അത് തിരിച്ചടിയാകും. മാത്രമല്ല പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇത് ശക്തി പകരുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.