മുറിഞ്ഞു പോയ കാലിനു പകരം മറ്റൊന്നു മുളപ്പിക്കാനുള്ള ശസ്ത്രജ്ഞരുടെ ശ്രമം മുന്നോട്ട് ; ആദ്യ ജയം തവളയില്‍

മുറിഞ്ഞു പോയ കാലിനു പകരം മറ്റൊന്നു മുളപ്പിക്കാനുള്ള ശസ്ത്രജ്ഞരുടെ ശ്രമം മുന്നോട്ട് ; ആദ്യ ജയം തവളയില്‍

ന്യൂയോര്‍ക്ക്: മുറിഞ്ഞു നഷ്ടമായിപ്പോയ കൈയുടെയും കാലിന്റെയും സ്ഥാനത്ത് പുതിയ കൈയും കാലും വളര്‍ത്തിയെടുക്കാനുള്ള ശാസ്ത്രജ്ഞരുടെ വന്യ സ്വപ്‌നം പൂവണിയാന്‍ ഇനിയും അധിക കാലം വേണ്ടിവരില്ലന്നെ ആത്മവിശ്വാസവുമായി യു.എസിലെ ഗവേഷക സംഘം. ഒരു ആഫ്രിക്കന്‍ തവളയില്‍ നടത്തിയ പരീക്ഷണം പൂര്‍ണ്ണ വിജയത്തിലേക്കു നീങ്ങുന്നതിന്റെ ആവേശത്തിലാണവര്‍. തവളയുടെ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ കാല്‍ വളര്‍ന്നു വരുന്നു; അവര്‍ പ്രയോഗിച്ച മരുന്നുകൂട്ടിന്റെ അത്ഭുത ഫലം.

ചില ജീവജാലങ്ങള്‍ക്ക് ശരീരത്തിലെ ഏതെങ്കിലും അവയവം മുറിഞ്ഞുപോയാലും അവിടെ വീണ്ടും വളര്‍ച്ചയുണ്ടാക്കുന്നതിനുള്ള സഹജമായ കഴിവുണ്ട്.പല്ലികള്‍, ഞണ്ടുകള്‍, നക്ഷത്ര മത്സ്യം, പല്ലികളുടെ ഗണത്തില്‍പ്പെടുന്ന സലാമണ്ടറുകള്‍ എന്നിവയ്ക്കെല്ലാമാണ് ഈ പ്രത്യേകതയുള്ളത്. ജീവജാലങ്ങളിലെ ഈ കഴിവിനെ മനുഷ്യനിലേക്ക് കൊണ്ടുവരാന്‍ ഏറെ നാളുകളായി ശ്രമിക്കുന്ന ഗവേഷകരുണ്ട്. അത് സംഭവ്യമായാല്‍ നിരവധി പേര്‍ക്ക് അവരുടെ മുറിഞ്ഞുപോയ ശാരീരിക അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.

ആ ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണം ഏകദേശം ഉദ്ദേശിച്ച ഫലത്തിലെത്തിയതായുള്ള സന്തോഷ വാര്‍ത്തയാണ് യു.എസിലെ ഗവേഷകര്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ഒരു ആഫ്രിക്കന്‍ തവളയിലായിരുന്നു സംഘത്തിന്റെ പരീക്ഷണം. തവളയുടെ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ വളര്‍ച്ച സംഭവിച്ചതായി ഗവേഷകര്‍ വെളിപ്പെടുത്തുന്നു. 'പുനരുല്‍പ്പാദനത്തിന് വേണ്ട മരുന്നുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പ്' എന്നാണ് ഈ നേട്ടത്തെ അവര്‍ വിശേഷിപ്പിച്ചത്.

അഞ്ച് പ്രത്യേക തരം മരുന്നുകളുടെ മിശ്രിതമാണ് (പ്രോട്ടീന്‍ ജെല്‍) തവളയില്‍ പ്രയോഗിച്ചത്.'ഫൈവ് ഡ്രഗ് കോക്ടെയില്‍ 'എന്നു വിളിക്കുന്നു ഗവേഷകര്‍ ഈ മരുന്നുകൂട്ടിനെ.രക്തക്കുഴലുകളും പേശികളും നാഡികളുമെല്ലാം വളരാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ് ഈ മിശ്രിതം. ഇതിനെ സിലിക്കോണ്‍ ഉപയോഗിച്ച് ആവരണം ചെയ്തു. 24 മണിക്കൂര്‍ ആണ് ഇത്തരത്തില്‍ സൂക്ഷിച്ചത്. തുടര്‍ന്ന് 18 മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മുറിഞ്ഞ കാലിന്റെ സ്ഥാനത്ത് വളര്‍ച്ചയുണ്ടാകാന്‍ തുടങ്ങി. അവയവം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. വെള്ളത്തില്‍ നീന്താനും, ഈ 'കാല്‍' വഴി സ്പര്‍ശനം അറിയാനും തവളയ്ക്ക് സാധിച്ചു. കാലിലെ വിരലുകള്‍ ഉള്‍പ്പെടെയാണ് വളര്‍ന്നത്. എന്നാല്‍ വിരലുകള്‍ക്കിടയിലുള്ള സംയോജിത ചര്‍മ്മം വളര്‍ന്നിട്ടില്ല.

സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഗവേഷണഫലം ആവേശകരവും ആകര്‍ഷകവുമാണെന്ന് സര്‍വകലാശാലയിലെ മറ്റ് പ്രൊഫസര്‍മാര്‍ പ്രതികരിച്ചു. ഇതേ പരിക്ഷണം അടുത്തതായി സസ്തനികളില്‍ നടത്താനൊരുങ്ങുകയാണ് ഗവേഷക സംഘം. അതു വിജയകരമായാല്‍ ശാസ്ത്രലോകത്തിന് ലഭിക്കുന്നത് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെയും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെയും വൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യ രാശിയെ വലിയ പ്രതീക്ഷയിലാക്കുന്ന ഈ ഗവേഷണത്തില്‍ മുഴുകിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.