അനുദിന വിശുദ്ധര്‍ - ജനുവരി 28
ഇറ്റലിയില്‍ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കസേക്ക എന്ന സ്ഥലത്ത് 1224 ലാണ് തോമസ് അക്വീനാസ് ജനിച്ചത്. 1239 വരെ മൊന്തെ കസീനോയിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. കത്തോലിക്കാ സഭയിലെ പ്രഗല്ഭനായ തത്വ ശാസ്ത്രജ്ഞനും ദൈവ ശാസ്ത്രജ്ഞനുമാണ് വിശുദ്ധ തോമസ് അക്വീനാസ്.
നേപ്പിള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിശുദ്ധ ഡോമിനിക് സ്ഥാപിച്ച ഡോമിനിക്കന്‍ സന്യാസ സഭയിലെ അംഗമായ തോമസ് അക്വീനാസ് കത്തോലിക്കാ ദൈവ ശാസ്ത്രത്തിലെ എന്‍സൈക്ലോപീഡിയോ ആയ സുമ്മാ തീയോളജിയാലാണ് Summa Theologiae (ദൈവശാസ്ത്ര സംഗ്രഹം) ഏറ്റവും പ്രശസ്തനായിരിക്കുന്നത്.
ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി അത് ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്‌ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു.
The great synthesiser (മഹാസംയോഗകന്‍) എന്നാണ് വിശുദ്ധ തോമസ് അക്വീനാസ് അറിയപ്പെടുന്നത്. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര മേഖലയ്ക്ക് ഈ വിശുദ്ധന്‍ നല്‍കിയ സംഭവാന ഏറെ വലുതാണ്.
അതേര്‍നി പാത്രിസ് (Aeterni Patris ) എന്ന ചാക്രിക ലേഖനത്തില്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഇപ്രകാരം നിരീക്ഷിക്കുന്നു: 'തത്വശാസ്ത്രത്തില്‍ അക്വീനാസ് കൈ വയ്ക്കാത്ത മേഖലകളില്ല.' തത്വശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും അദ്ദേഹത്തിന്റെ കൈയോപ്പ് പതിഞ്ഞിട്ടുണ്ട്. അക്വീനാസിന്റെ ചിന്താധാര തോമിസം എന്ന പേരിലാണ് തത്വശാസ്ത്രത്തില്‍ അറിയപ്പെടുക'.
1567 ല്‍ തോമസ് അക്വീനാസിനെ വേദപാരംഗതനായി സഭ ഉയര്‍ത്തി. സഭ വേദപാരംഗതനായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിന്റെ പെരുമ കൊണ്ട് 'എയ്ഞ്ചലിക് ഡോക്ടര്‍' എന്നാണ് അക്വീനാസ് അറിയപ്പെട്ടിരുന്നത്. ചെറുപ്പം മുതലേ മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കാനായി തോമസ് മാറ്റി വച്ചിരുന്നു. വിദ്യാഭ്യാസ കാലത്തും അധ്യാപന കാലത്തും തന്റെ എളിയതും വിശുദ്ധവുമായ ജീവിതത്താല്‍ അദ്ദേഹം തന്റെ സഹവാസികള്‍ക്കു മാതൃകയായി.
നിര്‍ധനരോടും ആലംബഹീനരോടുമുള്ള അദ്ദേഹത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും പ്രചോദനമാണ്. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ തോമസ് അതിയായ സന്തോഷം കണ്ടെത്തിയിരുന്നു. 'സഭയോടുള്ള അനുസരണത്തില്‍ ജീവിതത്തോട് വിടവാങ്ങുന്നു' എന്നു പറഞ്ഞു കൊണ്ടാണ് 1274 ജനുവരി 28 ന് അമ്പതാം വയസില്‍ നിത്യസമ്മാനത്തിനായി തോമസ് അക്വീനാസ് വിളിക്കപ്പെട്ടത്.
ഫോസായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധ തോമസ് അക്വീനാസിനെ സംസ്‌കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളുടേയും ദൈവ ശാസ്ത്രത്തിന്റേയും മാധ്യസ്ഥ സഹായിയായി ഈ വിശുദ്ധനെ കണക്കാക്കുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റെയോമയിലെ ജോണ്‍
2. ജര്‍മ്മനിയിലെ ആന്റിമൂസ്
3. പലസ്തീനായിലെ ജെയിംസ്
4. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്റ്റിയാന്‍
5. ഫ്രീജിയായിലെ തിര്‍സൂസ്, ലെവൂസിയൂസ്, കല്ലിനിക്കൂസ്
6. റോമിലേക്ക് തീര്‍ത്ഥാടനം ചെയ്യവേ കൊല ചെയ്യപ്പെട്ട ബ്രിജീദ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.