ന്യൂയോര്‍ക്ക് : അഞ്ച് നൂറ്റാണ്ടു മുമ്പ് ഇറ്റാലിയന്‍ നവോത്ഥാന കലാകാരനായ സാന്ദ്രോ ബോട്ടിസെല്ലി വരച്ച ക്രിസ്തുവിന്റെ അത്യപൂര്‍വ ചിത്രം വിറ്റുപോയത് 45.4 മില്യണ്‍ ഡോളറിന്;( 340 കോടി രൂപ). പ്രതീക്ഷിച്ചതിലും 5 മില്യണ്‍ ഡോളര്‍ കൂടുതല്‍ ലഭിച്ചതായി ലേലത്തിന്റെ നടത്തിപ്പു ചുമതല നിര്‍വഹിച്ച സോത്ത്ബി കമ്പനി അറിയിച്ചു.
പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുവിന്റെ ഛായാചിത്രം ' ദ മാന്‍ ഓഫ് സോറോസ് ' ലേലശാലയുടെ ന്യൂയോര്‍ക്ക് ഓള്‍ഡ് മാസ്റ്റര്‍ പെയിന്റിംഗ് വില്‍പനയിലെ 'മാര്‍ക്വീ' ഇനമായിരുന്നു. ഒരു നവോത്ഥാന ചിത്രത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയാണ് 340 കോടി രൂപ.
'2022 ലെ ആദ്യ പ്രധാന വില്‍പ്പന എന്ന നിലയില്‍, ഈ ലേല ഫലം അന്താരാഷ്ട്ര ആര്‍ട്ട് മാര്‍ക്കറ്റിനും ഓള്‍ഡ് മാസ്റ്റേഴ്സിന്റെ പ്രത്യേക വിപണിക്കും വലിയ ആത്മവിശ്വാസമേകി'- സോത്ത്ബിയുടെ ഓള്‍ഡ് മാസ്റ്റേഴ്സ് പെയിന്റിംഗ് വിഭാഗം മേധാവി ക്രിസ്റ്റഫര്‍ അപ്പോസ്റ്റില്‍ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ്, റഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കലാസ്‌നേഹികള്‍ പങ്കെടുത്ത ലേലത്തെ എല്ലാ നിലയിലും നയിച്ചത് ബോട്ടിസെല്ലിയുടെ മാന്‍ ഓഫ് സോറോസ് ആയിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ബോട്ടിസെല്ലിയുടെ അവസാന കാലയളവിലെ മൂന്ന് കൃതികളില്‍ ഒന്നാണ് 1492 ല്‍ പൂര്‍ത്തിയാക്കിയ ദ മാന്‍ ഓഫ് സോറോസ്.ക്രൂശിക്കപ്പെട്ട വേളയിലെ മുറിവുകളും മുള്‍ക്കിരീടവും പ്രഭാവലയവുമുള്ള യേശുവിനെ ചിത്രീകരിക്കുന്ന ദ മാന്‍ ഓഫ് സോറോസ് ചിത്രീകരിക്കുന്നതിന് ഡൊമിനിക്കന്‍ സന്യാസിയായ ജിറോലാമോ സവോനരോളയുടെ പ്രസംഗത്തില്‍ നിന്ന് ബോട്ടിസെല്ലി പ്രചോദനം ഉള്‍ക്കൊണ്ടതായി കലാ നിരീക്ഷകര്‍ കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.