പ്രതിദിന കോവിഡ് മരണനിരക്ക് ഏറ്റവും ഉയരത്തില്‍-98 മരണം
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 16-17 പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ മെഡിക്കല്‍ റഗുലേറ്ററുടെ അനുമതി. ഫൈസര്‍ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുക. യു.എസ്.എ, ഇസ്രയേല്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ ഈ പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേരത്തെ തന്നെ ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്.
16-17 പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് ഫൈസര്‍ വാക്‌സിന്‍ അംഗീകരിച്ചതായി തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടി.ജി.എ) അറിയിച്ചു. രണ്ടാമത്തെ ഡോസിനു ശേഷം മൂന്നു മാസം കഴിഞ്ഞാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.
ഓസ്‌ട്രേലിയയില്‍ പ്രതിദിന കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ദിവസമായിരുന്നു വെള്ളിയാഴ്ച്ച. 98 കോവിഡ് മരണങ്ങളാണ് ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു മുന്‍പ് ജനുവരി 21-നാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയത്-88 മരണങ്ങള്‍.
വിക്ടോറിയ-39, ന്യൂ സൗത്ത് വെയില്‍സ്-35, ക്വീന്‍സ് ലന്‍ഡ്-18, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി-ഒന്ന് എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കോവിഡ് മരണ നിരക്ക്.
അതിനിടെ ഒമിക്രോണിന്റെ ബി.എ-2 ഉപ-വകഭേദവും രാജ്യത്ത് സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സ്, ടാസ്മാനിയ, ക്വീന്‍സ്ലന്‍ഡ്, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി, വിക്ടോറിയ, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ഇപ്പോള്‍ 35 ബി.എ-2 കേസുകളാണ് സ്ഥിരീകരിച്ചത്. അതിവേഗം വ്യാപിക്കാനും കേസുകള്‍ വര്‍ധിക്കാനും സാധ്യതയുള്ള ഉപ-വകഭേദമാണിത്.
കഴിഞ്ഞ നാലാഴ്ചക്കിടെ രാജ്യത്ത് 20 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ മുതിര്‍ന്നവരില്‍ 93 ശതമാനം ആളുകളും ഇതിനോടകം മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. 18 വയസ്സിനു മുകളിലുള്ള 35 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. ഈ മാസം ആദ്യം മുതല്‍ 5-11 പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കി തുടങ്ങിയിരുന്നു. എന്നാല്‍ ബൂസ്റ്റര്‍ ഡോസുകളുടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മരണ സംഖ്യ താരതമ്യേന കുറവാണെന്നും അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.