ലണ്ടന്‍: ആക്രി സാധനമെന്ന നിലയില്‍ 5 പൗണ്ടിനു വാങ്ങിയ പഴഞ്ചന്‍ കസേര ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വിശ്രുത കലാകാരനായിരുന്നെന്ന് പുരാവസ്തു വിദഗ്ധന്‍ തിരിച്ചറിഞ്ഞതോടെ മൂല്യം ഉയര്‍ന്നത് പരിധിയില്ലാതെ. ഒടുവില്‍ ആ മരക്കസേര വിറ്റ് പോയത് 16,250 പൗണ്ടിന്;രാജ സംഹാസനത്തിനു പോലും കിട്ടാത്ത വിലയായ 16.36 ലക്ഷം രൂപ.
പഴയ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പുരാവസ്തു മൂല്യം കൂട്ടിച്ചേര്‍ത്ത് അധിക തുകയ്ക്ക് വില്‍ക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ യു.കെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ നിന്നും നിസ്സാര വിലയ്ക്കു വാങ്ങിയ കസേര അമൂല്യമായി മാറിയത് തികച്ചും യാദൃച്ഛികമായായിരുന്നു.
കസേരയ്ക്ക് പൊന്നും വില ലഭിക്കാന്‍ ഒരു കാരണമുണ്ട്. നൂറ്റാണ്ടിനപ്പുറം ഓസ്ട്രിയയിലെ വിയന്നയില്‍ തിളങ്ങി നിന്ന ഒരു ആര്‍ട്ട് സ്‌കൂളില്‍ രൂപം കൊണ്ട ശില്‍പ്പ മൂല്യമുള്ള കസേരയാണിത്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ട്രെന്‍ഡായിരുന്ന ഒരു പരമ്പരാഗത ശൈലിയുടെ പരിവേഷം സ്വന്തമായുണ്ട് ഈ കസേരയ്‌ക്കെന്നറിയാന്‍ വൈകിയതിന്റെ ഗുണം കിട്ടിയത് 5 പൗണ്ടിന് അതു വാങ്ങിയ യുവതിക്കാണ്.
ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലുള്ള ഒരു കടയില്‍ നിന്നാണ് യുവതി കസേര വാങ്ങിയത്.ഡിസൈനിന്റെ പ്രത്യേകതയൊന്നും കാര്യമാക്കാതെ അത് വീട്ടില്‍ മൂലയ്ക്കിട്ടു. ഒരിക്കല്‍ വീട്ടില്‍ വന്ന ഒരു അടുത്ത ബന്ധു കസേരയില്‍ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാന്‍ ഇടയായി.അതോടെ കസേരയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും തുടങ്ങി.
ഒടുവില്‍ യുവതി പുരാവസ്തു വിജ്ഞാനിയായ ഒരു ചരിത്രകാരന്റെ സഹായം തേടി. കസേര ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ വിയന്നയിലുള്ള പ്രമുഖ ആര്‍ട്ട് സ്‌കൂളില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയതോടെ കഥ മാറി.
1902-ല്‍ പ്രശസ്ത ഓസ്ട്രിയന്‍ ചിത്രകാരന്‍ കൊലോമാന്‍ മോസര്‍ ആണ് ഈ കസേര രൂപകല്‍പ്പന ചെയ്തത് എന്നത് തന്നെയാണ് ഇതിന്റെ മൂല്യമുയര്‍ത്തിയത്. ആ കാലഘട്ടത്തിലെ പ്രശസ്ത ആധുനിക കലാകാരനായിരുന്നു മോസര്‍.കലയിലെ പരമ്പരാഗത ശൈലികള്‍ ചോദ്യം ചെയ്ത വിയന്ന സെസെഷന്‍ പ്രസ്ഥാനത്തിലെ പ്രമുഖന്‍.ഇരിപ്പിടത്തിലും കസേരയുടെ പിന്‍ഭാഗത്തും കയറില്‍ തീര്‍ത്ത ചെക്കര്‍ ബോര്‍ഡ് പോലെയുള്ള ഡിസൈന്‍ വ്യതിരിക്തത നല്‍കുന്നു ഈ കസേരയ്ക്ക്.
എസെക്‌സിലെ സ്റ്റാന്‍സ്റ്റഡ് മൗണ്ട്ഫിച്ചറ്റിലുള്ള സ്വോര്‍ഡേഴ്‌സ് വഴി കസേര വില്‍പ്പനയ്ക്കായി ലേലത്തിനു വച്ചു യുവതി. അതു വെറുതെയായില്ല.ഒരു ഓസ്ട്രിയന്‍ ഡീലര്‍ ആണ് ഫോണിലൂടെ അന്വേഷിച്ച് മുന്തിയ വിലയ്ക്ക് സ്വന്തമാക്കിയത്.
കലാശില്‍പ്പമായി മാറിയ ഇരിപ്പിടത്തിന്റെ മൂല്യ നിര്‍ണയം നടത്തിയ സ്വോര്‍ഡേഴ്സിലെ സ്‌പെഷ്യലിസ്റ്റ് ജോണ്‍ ബ്ലാക്ക് പറഞ്ഞു: 'വിപണന വിലയില്‍ ഞങ്ങള്‍ ആതീവ സന്തുഷ്ടരാണ്. മാത്രമല്ല ഇത് ഓസ്ട്രിയയിലേക്ക് മടങ്ങുന്നതില്‍ പ്രത്യേകിച്ചും സന്തോഷമുണ്ട്.'വിയന്ന സെസെഷന്‍ പ്രസ്ഥാനത്തിലെ സ്‌പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റ്യന്‍ വിറ്റ്-ഡി റിംഗിനോട് സംസാരിച്ച ശേഷമാണ് താന്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയതെന്നും ജോണ്‍ ബ്ലാക്ക് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.