അനുദിന വിശുദ്ധര്‍ - ജനുവരി 29
ഗെയിറ്റായിലെ കെയ്റ്റാണി കുടുംബത്തില്‍ 1058 ലാണ് ജെലാസിയൂസിന്റെ ജനനം. മൊന്തെ കസീനോയില്‍ ഒരു ബെനഡിക്ടന്‍ സന്യാസിയായിട്ടായിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പാ ജെലാസിയൂസിനെ റോമിലേക്ക് വിളിക്കുകയും 1088 ഓഗസ്റ്റില്‍ പാപ്പായുടെ സബ് ഡീക്കനായി നിയമിക്കുകയും ചെയ്തു.
അദ്ദേഹത്തിന് 30 വയസായപ്പോള്‍, സാന്താ മരിയ കോസ്‌മെഡിനിലെ കര്‍ദ്ദിനാള്‍ ഡീക്കനായി നിയമിച്ചു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ ജെലാസിയൂസ് റോമിലെ ഭരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. പരിശുദ്ധ പിതാവിന് വേണ്ട രേഖകള്‍ തയാറാക്കുന്ന താല്‍ക്കാലിക റോമന്‍ ഉദ്യോഗസ്ഥന്‍മാരെ ആശ്രയിക്കുന്ന പഴയ പതിവൊഴിവാക്കി പാപ്പാ ഭരണത്തിന്‍ കീഴില്‍ സ്ഥിരമായി ഗുമസ്തന്മാരെ നിയമിച്ചു.
പാപ്പായുടെ ഔദ്യോഗിക രേഖകളുടെ സംക്ഷിപ്ത രൂപം അവതരിപ്പിക്കുകയും ചെയ്തു. ജെലാസിയൂസിന്റെ കാലത്താണ് പാപ്പായുടെ ചാന്‍സിലര്‍മാര്‍ കര്‍ദ്ദിനാള്‍മാരായിരിക്കണമെന്നും കാലാവധി അവരുടെ മരണം വരെ അല്ലെങ്കില്‍ അടുത്ത പാപ്പാ തിരഞ്ഞെടുപ്പ് വരെയായിരിക്കണമെന്നും നിശ്ചയിച്ചത്.
1118 ല്‍ അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ റോമന്‍ ചക്രവര്‍ത്തിയായ ഹെന്റി അഞ്ചാമന്റെ സൈന്യാധിപന്‍ ഫ്രാന്‍ഗിപാനേ പോപ്പിനെ പിടികൂടി തടവിലാക്കി. എന്നാല്‍ റോമന്‍ ജനതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയച്ചു. മാര്‍പാപ്പമാരെ വാഴിക്കുവാനുള്ള അധികാരം പാശ്ചാള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് റോമന്‍ ചക്രവര്‍ത്തിക്ക് വിട്ടുകൊടുക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഹെന്റി അഞ്ചാമന്‍ ഈ അധികാരം വീണ്ടും തന്റെ വരുതിയിലാക്കുവാന്‍ ശ്രമങ്ങള്‍ തുടങ്ങി. അതിനു വേണ്ടി അദ്ദേഹം ജെലാസിയൂസ് രണ്ടാമനെ 1118 മാര്‍ച്ചില്‍ റോമില്‍ നിന്നും നാട് കടത്തുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ആസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ബ്രാഗായിലെ മെത്രാപ്പോലീത്തയായ മോറീസ് ബൗര്‍ഡിനെ ഗ്രിഗറി എട്ടാമന്‍ എന്ന നാമത്തില്‍ എതിര്‍ പാപ്പായായി നിയമിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ ഗെയിറ്റായില്‍ എത്തുകയും 1118 മാര്‍ച്ച് ഒമ്പതിന് അവിടത്തെ പുരോഹിതനായി ചുമതലയേല്‍ക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. ഉടന്‍ തന്നെ വിശുദ്ധന്‍ ഹെന്റി അഞ്ചാമനേയും ഗ്രിഗറി എട്ടാമന്‍ സ്ഥാന ഭ്രഷ്ടരാക്കുകയും ജൂലൈയില്‍ റോമില്‍ തിരിച്ചെത്തുകയും ചെയ്തു.
വിശുദ്ധ പ്രസാഡെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിക്കേ ഫ്രാന്‍ഗിപാനിയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യ വാദികള്‍ പാപ്പായെ ആക്രമിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹം ഫ്രാന്‍സിലേക്ക് ഒളിവില്‍ പോയി. മാര്‍ഗമധ്യേ പിസായിലെ കത്തീഡ്രല്‍ ദേവാലയം അഭിഷേകം ചെയ്യുകയും ചെയ്തു. ആ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹം മാര്‍സില്ലേയില്‍ എത്തി.
അവിഗ്‌നോന്‍, മോണ്ട്‌പെല്ലിയര്‍ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങള്‍ വളരെയേറെ ആവേശത്തോടെയാണ് വിശുദ്ധനെ വരവേറ്റത്. 1119 ജനുവരിയില്‍ വിശുദ്ധന്‍ വിയന്നായില്‍ ഒരു സിനഡ് വിളിച്ച് കൂട്ടി. മാര്‍പാപ്പമാരെ വാഴിക്കുവാനുള്ള അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുവാന്‍ ഒരു പൊതു സമിതി വിളിച്ച് കൂട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്ലൂണിയില്‍ വെച്ച് വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പാ മരണമടഞ്ഞു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അയര്‍ലണ്ടിലെ ബ്ലാത്ത്
2. കൊണോട്ടിലെ ഡള്ളന്‍ ഫൊര്‍ഗായില്‍
3.ആര്യന്‍ പാഷണ്ഡികള്‍ വധിച്ച അക്വിലിനൂസ്
4. സഹോദങ്ങളായ സര്‍ബെല്ലൂസും ബാര്‍ബെയായും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26