മഹാമാരിക്കൊപ്പം ഭീഷണിയായി 'ഇന്‍ഫോഡെമിക്'; വാര്‍ത്തയിലെ സത്യസന്ധതയില്ലായ്മയെ വിമര്‍ശിച്ച് മാര്‍പാപ്പ

മഹാമാരിക്കൊപ്പം ഭീഷണിയായി 'ഇന്‍ഫോഡെമിക്'; വാര്‍ത്തയിലെ സത്യസന്ധതയില്ലായ്മയെ വിമര്‍ശിച്ച് മാര്‍പാപ്പ

കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് ഫ്രാന്‍സിസ് പാപ്പാ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചത്. മഹാമാരി എന്നര്‍ത്ഥം വരുന്ന പാന്‍ഡെമിക്കിനൊപ്പം ലോകത്തെ ബാധിക്കുന്ന 'ഇന്‍ഫോഡെമിക്' അഥവാ വിവര പകര്‍ച്ചവ്യാധി എന്ന പ്രതിഭാസത്തെക്കുറിച്ച് മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു.  ജനങ്ങളുടെ ഭയം മുതലെടുത്ത് യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നു. ഇത് സമൂഹത്തില്‍ വ്യാജ വാര്‍ത്തകളുടെ വിസ്‌ഫോടനമുണ്ടാക്കുന്നു. ഇന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ ദിനം ആചരിക്കുമ്പോള്‍ മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

വത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആശയവിനിമയവും സത്യവും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കത്തോലിക്കാ മാധ്യമ സംഘടനയിലെ (International Catholic Media Consortium) അംഗങ്ങളെ അഭിസംബോധന ചെയ്ത് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്.

വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളോട് മാന്യമായ മനോഭാവം സ്വീകരിക്കുമ്പോള്‍തന്നെ വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും സത്യത്തോട് വിശ്വസ്തരായി നിലകൊള്ളാനും മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്ന് പാപ്പ അഭ്യര്‍ഥിച്ചു.

കോവിഡും പ്രതിരോധ വാക്‌സിനും സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ മാര്‍പാപ്പ അപലപിച്ചു. ഭയം മുതലെടുത്ത് വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ശാസ്ത്രീയമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

കോവിഡുമായും വാക്‌സിനുമായും ബന്ധപ്പെട്ട വ്യാജവാര്‍ത്തകളുടെ സത്യാവസ്ഥ തുറന്നുകാട്ടാനാണ് 2021-ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര കത്തോലിക്കാ മാധ്യമ സംഘടന രൂപീകരിച്ചത്. AleteiaI. Media എന്നീ രണ്ട് വാര്‍ത്താ വെബ്സൈറ്റുകളും ഫാക്റ്റ് ചെക്കിംഗ് ഏജന്‍സിയായ വെരിഫിക്കാറ്റ് (Verificat) എന്നിവ ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ നടത്തിപ്പ്. ലോകപ്രശസ്തരായ ശാസ്ത്രജ്ഞരും സംഘടനയില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ 'കാത്തലിക് ഫാക്റ്റ് ചെക്കിംഗ്' (https://catholic-factchecking.com/) എന്ന വെബ്സൈറ്റും സ്ഥാപിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ അഭിനന്ദിച്ചു.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ ദിനം ഇന്ന് ആചരിക്കുമ്പോള്‍ മാര്‍പാപ്പയുടെ വാക്കുകള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ചാണകവും ഗോമൂത്രവും ശരീരത്തില്‍ തേയ്ക്കുന്നത് കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നത് ഉള്‍പ്പെടെയുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വസിച്ച് നിരവധി പേരാണ് ഇന്ത്യയില്‍ വഞ്ചിതരായത്. ഇത്തരം ചികിത്സാരീതിക്കെതിരേ നിരവധി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

മാധ്യമങ്ങള്‍ ആളുകളെ കൂടുതലായി സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ തയാറാക്കുമ്പോള്‍ കര്‍ശനമായും ജാഗ്രത പുലര്‍ത്തണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ലഭിക്കുന്ന വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുകയും അവയുടെ കൃത്യത പരിശോധിക്കുകയും ഉറവിടങ്ങളുടെ വിശ്വാസ്യത വിലയിരുത്തുകയും ചെയ്തു വേണം ഒരു റിപ്പോട്ടര്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കു കൈമാറാന്‍. ഇത് റിപ്പോര്‍ട്ടര്‍ക്കു നല്‍കുന്ന ഉത്തരവാദിത്തത്തിന്റെ ഭാരം വളരെ വലുതാണ്-മാര്‍പാപ്പ പറഞ്ഞു.

വ്യാജ വാര്‍ത്തയല്ല, മറിച്ച് ശരിയായ അറിവ് പകരുകയും ശാസ്ത്രീയമായ ഡാറ്റയെ അടിസ്ഥാനമാക്കി ജനങ്ങളെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുകയുമാണ് വേണ്ടത്. ശരിയായ വാര്‍ത്ത മനുഷ്യാവകാശമാണ്. സമൂഹത്തിലെ ദുര്‍ബലര്‍ക്കും യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പാക്കണം.

ക്രൈസ്തവര്‍ എല്ലായ്പ്പോഴും അനീതിക്കും നുണകള്‍ക്കും എതിരാണ്. എന്നാല്‍ വ്യക്തികള്‍ക്ക് എതിരല്ലെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. 'വ്യാജ വാര്‍ത്തകളെ തിരസ്‌കരിക്കണം. അതേസമയം വ്യക്തികളെ ബഹുമാനിക്കുകയും വേണം. കാരണം പൂര്‍ണമായ അവബോധമോ ഉത്തരവാദിത്തമോ ഇല്ലാതെ അവര്‍ അത് അന്ധമായി വിശ്വാസത്തിലെടുക്കുന്നു.'

ക്രൈസ്തവ റിപ്പോര്‍ട്ടര്‍മാര്‍ സമാധാനത്തിന്റെ പ്രചാരകരാകുന്നതോടൊപ്പം സത്യാന്വേഷികളും ആയിരിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യം എല്ലായ്‌പ്പോഴും നാം ചിന്തിക്കുന്നതിലും സങ്കീര്‍ണ്ണമാണ്. ആളുകള്‍ ഉന്നയിക്കുന്ന സംശയങ്ങളും ആശങ്കകളും മാധ്യമപ്രവര്‍ത്തകര്‍ ബഹുമാനിക്കണം. അവ ഒരിക്കലും തള്ളിക്കളയാതെ ശാന്തവും ന്യായയുക്തവുമായ രീതിയില്‍ ഉത്തരം നല്‍കി ആളുകളെ അനുഗമിക്കാന്‍ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കോ വാണിജ്യ നേട്ടങ്ങള്‍ക്കോ വഴങ്ങുന്നതിനെതിരെയുള്ള മുന്നറിയിപ്പും പാപ്പ നല്‍കി. 'എല്ലാ തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്കുമുള്ള മറുമരുന്ന് സത്യത്താല്‍ നമ്മെത്തന്നെ ശുദ്ധീകരിക്കാന്‍ അനുവദിക്കുക എന്നതാണ്. സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതിനര്‍ത്ഥം നന്മ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അല്ലാതെ ഒറ്റപ്പെടുത്തുകയും വിഭാഗീയത വളര്‍ത്തുകയും ചെയ്യുന്നതല്ല.

മഹാമാരിയില്‍ മരണത്തിനു കീഴടങ്ങിയവരെ അനുസ്മരിച്ചുകൊണ്ടാണ് മാര്‍പ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.