സംഹാര താണ്ഡവമാടുമോ നിയോകോവ് വൈറസ്?; വിശദ പഠനത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന

സംഹാര താണ്ഡവമാടുമോ നിയോകോവ് വൈറസ്?; വിശദ പഠനത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന


ജെനീവ: ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെ സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ഭാവിയില്‍ മനുഷ്യര്‍ക്ക് കനത്ത ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വുഹാനിലെ ഗവേഷക സംഘം നിയോകോവ് വൈറസിനെക്കുറിച്ച് അനൗദ്യോഗികമായി പുറത്തു വിട്ട പഠന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു പ്രതികരിക്കുക്കയായിരുന്നു ലോകാരോഗ്യ സംഘടന.

നിയോകോവ് വൈറസിനെക്കുറിച്ചുള്ള ഗവേഷണവും കണ്ടെത്തലുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ മനുഷ്യനിലേക്ക് പടരാന്‍ സാധ്യതയുണ്ടോയെന്നും മനുഷ്യരാശിക്ക് അപകടമാണോയെന്നും അറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്: ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിര്‍ണായകമായ ഗവേഷണ പ്രബന്ധം പങ്കുവെച്ച ചൈനീസ് ഗവേഷകര്‍ക്ക് നന്ദിയുണ്ടെന്നും സംഘടന പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വവ്വാലുകള്‍ക്കിടയിലാണ് വുഹാന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം നിയോകോവ് എന്ന പുതിയ തരം വൈറസ് കണ്ടെത്തിയത്. ഈ വൈറസ് അതീവ അപകടകാരിയാണെന്നും ഭാവിയില്‍ മനുഷ്യര്‍ക്ക് ഭീഷണിയായേക്കുമെന്നും പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരിലെ 75 % പകര്‍ച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നു ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വവ്വാലുള്‍പ്പെടെയുള്ള മൃഗങ്ങളില്‍ കാണപ്പെടാറുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന 'സൂനോട്ടിക്' വൈറസുകളെ നേരിടാന്‍ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസുകളെയാണ് 'സൂനോട്ടിക്' വൈറസ് എന്ന് വിശേഷിപ്പിക്കുന്നത്.

കൊറോണ വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ നിയോകോവിന് കഴിയുമെന്നാണ് ഇപ്പോഴത്തെ നിഗമനം . അപ്രകാരം സംഭവിച്ചാല്‍ വൈറസ് ബാധിക്കുന്ന മൂന്നില്‍ ഒരാളും മരിക്കാനിടയുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വവ്വാലുകള്‍ക്കിടയില്‍ കണ്ടെത്തിയ നിയോകോവ് വൈറസിന് ഒരു പരിവര്‍ത്തനം കൂടി സംഭവിച്ച് കഴിഞ്ഞാല്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കാനാകും. ഈ കണ്ടെത്തലില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ഒരുങ്ങുകയാണ് റഷ്യന്‍ ഗവേഷകര്‍ ഉള്‍പ്പെടെയുളളവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.