സാരി കച്ചവടം നടത്തി കോടീശ്വരിയായ വീട്ടമ്മ

സാരി കച്ചവടം നടത്തി കോടീശ്വരിയായ വീട്ടമ്മ

പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ ജീവിത മുന്നേറ്റം നേടിയ കഥയാണ് ജ്യോതി വാധ്വ ബന്‍സാലിന്റേത്. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ജ്യോതി ഇന്ന് അറിയപ്പെടുന്ന ഒരു സംരംഭകയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും അതിവേഗം വളര്‍ന്ന് കോടീശ്വരിയായ കഥ. ജ്യോതിയുടെയും അവരുടെ സംസ്‌കൃതി വിന്റേജ് എന്ന സംരംഭത്തിന്റേയും.

2010 ലാണ് സംസ്‌കൃതി വിന്റേജ് എന്ന പേരില്‍ ജ്യോതി ആദ്യമായി ഒരു ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചത്. അതുവരെ അത്തരം ചിന്തകളൊന്നും സ്വപ്നത്തില്‍ പോലും ഇല്ലായിരുന്ന പെണ്‍കുട്ടി മാറി ചിന്തിക്കാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. പെട്ടെന്നൊരു നാള്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ എന്ന ജോലി ഉപേക്ഷിച്ച് എന്തെങ്കിലും ബിസിനിസ് ചെയ്യാന്‍ പോവുകയാണെന്ന് ഭര്‍ത്താവ് അന്‍ഷുല്‍ പറഞ്ഞത്.

ആദ്യം വിശ്വസിച്ചില്ലെങ്കിലും ഭര്‍ത്താവ് തീരുമാനിച്ചുറപ്പിച്ചതാണെന്ന് അവള്‍ക്ക് പതിയെ മനസിലായി. മുന്നോട്ടുള്ള വഴികള്‍ ദുരിതത്തിന്റെ കാലം കൂടിയാണെന്ന് അവള്‍ മനസില്‍ കണക്കുക്കൂട്ടി. ഒരാളുടെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് പോകില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് സ്വന്തമായി എന്തെങ്കിലും വരുമാനം കണ്ടെത്തണമെന്ന് ജ്യോതിയും തീരുമാനിക്കുന്നത്.

രണ്ട് ചെറിയ കുഞ്ഞുങ്ങളുള്ളതുകൊണ്ട് വീട്ടില്‍ നിന്നും അധികസമയം മാറി നില്‍ക്കുന്നത് ജ്യോതിയെ സംബന്ധിച്ച് പ്രായോഗികമായിരുന്നില്ല. അങ്ങനെയാണ് ഓണ്‍ലൈന്‍ സംരംഭങ്ങളെ കുറിച്ച് അവള്‍ പഠിക്കാന്‍ തുടങ്ങിയത്. സാരികളോടുള്ള ഇഷ്ടം കൊണ്ട് അതിന്റെ വില്‍പ്പന തുടങ്ങാന്‍ തന്നെ തീരുമാനിച്ചു. പിന്നീട് നടത്തിയതെല്ലാം അതിനെ കുറിച്ചുള്ള ഗവേഷങ്ങളായിരുന്നു.

അങ്ങനെയാണ് സില്‍ക്ക് സാരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ബിസിനസിന് വേണ്ട പണം കണ്ടെത്തുക എന്നതായിരുന്നു ജ്യോതിയും ഭര്‍ത്താവും നേരിട്ട പ്രധാന വെല്ലുവിളി. നിക്ഷേപമായി ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപ അവര്‍ തുല്യമായി വീതിച്ച് രണ്ട് സംരംഭങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ജ്യോതി സാരികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഭര്‍ത്താവ് അന്‍ഷുല്‍ ഐടി രംഗത്തേക്കാണ് തിരിഞ്ഞത്.

തുടക്കത്തില്‍ ഓണ്‍ലൈന്‍ വിപണി ജ്യോതിക്ക് കുറച്ച് വെല്ലുവിളിയായി തോന്നിയെങ്കിലും വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു. സാരികള്‍ കണ്ടെത്തുന്നതുപോലെ തന്നെ ബുദ്ധിമുട്ടായിരുന്നു കസ്റ്റമറെ കിട്ടാനും. ഒടുവില്‍ ക്ഷമയും കഠിനാദ്ധ്വാനവും കൊണ്ട് തന്റെ ബിസിനസിനെ അവള്‍ പതിയെ വളര്‍ത്തിയെടുത്തു. ഇ ബേ പ്ലാറ്റ്ഫോമിലൂടെയായിരുന്നു തുടക്കം. സാരികളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യും. അതിന് നല്ല കാമറ തന്നെ വേണം.

ക്വാളിറ്റി കണ്ട് മാത്രമേ ആളുകള്‍ സാരി വാങ്ങാനെത്തൂ. സഹായിക്കാന്‍ ജീവനക്കാരില്ലാത്ത ആദ്യകാലങ്ങളില്‍ സാധനങ്ങള്‍ അയച്ചുകൊടുക്കാനായി ചെറിയ കുഞ്ഞിനൊപ്പം താന്‍ പോസ്റ്റ് ഓഫീസില്‍ മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ടെന്ന് ജ്യോതി പറയുന്നു. പിന്നീട് ആമസോണിലും വിപണി കണ്ടെത്തി. വളര്‍ച്ചയുടെ വേഗവും കൂടി. ഇന്നിപ്പോള്‍ 10 കോടി രൂപയാണ് സംസ്‌കൃതി വിന്റേജിന്റെ വാര്‍ഷിക വിറ്റുവരവ്. 30 പേരടങ്ങുന്ന ഒരു ടീമും സംസ്‌കൃതി വില്ലേജിനുണ്ട്. 50000ത്തില്‍ നിന്നും 10 കോടിയിലേക്കുള്ള ഒരു സ്ത്രീയുടെ വളര്‍ച്ച...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.