ലോകായുക്ത നിയമ ഭേദഗതി: ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

ലോകായുക്ത നിയമ ഭേദഗതി: ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയില്‍ വിശദീകരണം വേണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.

ലോകായുക്തയുടെ അധികാരം കവരുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തി ലോകയുക്തയുടെ വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ഭേദഗതി ചര്‍ച്ചകള്‍ തുടങ്ങിയത് 2020 ഡിസംബറില്‍ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയല്‍ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാര്‍ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകള്‍.

കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ഉണ്ടായിരുന്നു.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടര്‍ന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.