സലേഷ്യന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോണ്‍ ബോസ്‌കോ

സലേഷ്യന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോണ്‍ ബോസ്‌കോ

അനുദിന വിശുദ്ധര്‍ - ജനുവരി 31

വികൃതി നിറഞ്ഞ കുട്ടികളെ ഈശോയിലേക്കടുപ്പിക്കാന്‍ ജീവിതം മാറ്റിവച്ച വിശുദ്ധനാണ് ഡോണ്‍ ബോസ്‌കോ. ഒമ്പതാം വയസില്‍ ഉണ്ടായ ഒരു സ്വപ്നമാണ് ബോസ്‌കോയെ ഇതിലേക്കു നയിച്ചത്. തന്റെ ചുറ്റും നിരവധി കുട്ടികള്‍ നില്‍ക്കുന്നതും അവരെ നന്മ തിന്മ പഠിപ്പിക്കുവാന്‍ ഒരു ദിവ്യപുരുഷന്‍ ആവശ്യപ്പെടുന്നതുമായിരുന്നു ആ സ്വപ്‌നം.

ആ ദിവ്യപുരുഷന്‍ ബോസ്‌കോയോടു പറഞ്ഞു. 'നിന്റെയീ സ്നേഹിതരെ നേടിയെടുക്കേണ്ടത് മര്‍ദനം കൊണ്ടല്ല, പ്രത്യുത സ്നേഹവും കാരുണ്യവും കൊണ്ടാണ്.' തല്‍ഫലമായി ഒരു ബോയ്‌സ് ടൗണ്‍ പണിയുവാനും ഒരു കുട്ടിയും ചീത്തയല്ലെന്നുള്ള മനോഭാവത്തോടെ വളര്‍ത്തി അവരെ ദൈവസ്നേഹത്തിലേക്ക് നയിക്കുവാനും ഡോണ്‍ ബോസ്‌കോയ്ക്കു സാധിച്ചു.

വിഷ സര്‍പ്പത്തിന്റെ ദംശനത്തില്‍ നിന്നെന്നപ്പോലെ ചീത്ത കൂട്ടുകാരില്‍ നിന്നും ഓടിയകലുക. നിന്റെ സുഹൃത്ബന്ധം നല്ലതാണെങ്കില്‍ ഞാന്‍ ഉറപ്പു തരുന്നു, സ്വര്‍ഗത്തില്‍ പരിശുദ്ധ അമ്മയോടൊപ്പം നീ ആനന്ദം അനുഭവിക്കും. നിന്റെ കൂട്ടുകെട്ട് മോശമാണെങ്കിലോ, നിന്റെ ആത്മാവ് നഷ്ടപ്പെടുന്ന അപകടാവസ്ഥയിലെത്തുകയും ചെയ്യും എന്ന് ഡോണ്‍ ബോസ്‌കോ കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നു.

ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന സലേഷ്യന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോണ്‍ ബോസ്‌കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയില്‍ ടൂറിനിലെ മലയോര ഗ്രാമമായ ബെച്ചിയില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് രണ്ടു വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. ബോസ്‌കോ ദൈവഭക്തിയിലും സുകൃതങ്ങളിലും വളര്‍ന്നു വന്നു. ഇതില്‍ അദ്ദേഹത്തിന്റെ അമ്മ മാര്‍ഗരറ്റിനുള്ള പങ്ക് വളരെ വലുതാണ്.

ചെറുപ്പത്തിലുണ്ടായ ചില ദര്‍ശനങ്ങളില്‍ നിന്ന് താനൊരു വൈദികനാകാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരുന്നുവെന്ന് മനസിലാക്കിയ ബോസ്‌കോ, വൈദിക പഠനം ആരംഭിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടും ജ്യേഷ്ഠ സഹോദരനായ ആന്റണിയുടെ ദുശാഠ്യവും അവന്റെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഇതിലൊന്നും നിരാശനാകാതെ ബോസ്‌കോ പഠന ചിലവിനായി ദാസ്യവേലയില്‍ ഏര്‍പ്പെടുന്നതിനു പോലും സന്നദ്ധനായി. 1841 ല്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു.

വൈദികനായ ബോസ്‌കോയുടെ ശ്രദ്ധ തെരുവീഥികളിലും ചന്തസ്ഥലങ്ങളിലും അലഞ്ഞു നടക്കുന്ന യുവജനങ്ങളുടെ നേരെ തിരിഞ്ഞു. അശ്ലീല വിനോദങ്ങളും അസഭ്യ ഭാഷണങ്ങളും കള്ളവും കലഹവുമെല്ലാം അവരുടെ നിത്യ തൊഴിലുകളായിരുന്നു. ഇനിയുള്ള തന്റെ ജീവിതം അവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് 'സലേഷ്യന്‍ ഓറട്ടറി' രൂപം കൊണ്ടത്. വെറും ആറു പേര്‍ക്കായി തുടങ്ങിയ ഈ ഓറട്ടറിയാണ് പില്‍ക്കാലത്ത് ഒരു മഹാപ്രസ്ഥാനമായി മാറിയത്.

ഓറട്ടറിയുടെ ആദ്ധ്യാത്മിക ഉന്നതിക്കായി 'വിശുദ്ധ അലോഷ്യസിന്റെ സഖ്യം' എന്ന പേരില്‍ ഒരു ഭക്തസമാജവും ആരംഭിച്ചു. ഓറട്ടറിയുടെ അംഗ സംഖ്യ നാള്‍ക്കുനാള്‍ വര്‍ധിച്ചു. അതിന്റെ ശാഖകള്‍ പട്ടണത്തിന്റെ പല കേന്ദ്രങ്ങളിലും സ്ഥാപിതമായി. ഇതു കൂടാതെ പുതിയ പല സംരംഭങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടു.

പ്രാര്‍ത്ഥിക്കാന്‍ ദേവാലയം, ഭവന രഹിതര്‍ക്ക് ബോര്‍ഡിംഗ്, ഓരോരുത്തരുടെയും അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ ശാലകള്‍ ഇവയെല്ലാം ഈ കാലഘട്ടത്തില്‍ വിശുദ്ധനാല്‍ സ്ഥാപിതമായി. അദ്ദേഹം തുടങ്ങിയ മറ്റൊരു പ്രേഷിത പ്രവര്‍ത്തനമാണ് ധ്യാന പ്രസ്ഥാനം. എല്ലാ വിഭാഗങ്ങളിലുമുള്ള യുവജനങ്ങളെ ഉദ്ദേശിച്ചാണ് പ്രസ്ഥാനം തുടങ്ങിയത്. പ്രതീക്ഷയില്‍ കവിഞ്ഞ ഫലം അതില്‍ നിന്ന് ലഭിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ സാഹിത്യ സേവനവും നിസ്തുലമായിരുന്നു. 'കത്തോലിക്കാ ലൈബ്രറി' എന്ന പേരില്‍ ഡോണ്‍ ബോസ്‌കോ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതു കൂടാതെ, കത്തോലിക്കാ മത തത്വങ്ങളെ വിശുദ്ധീകരിക്കുന്നതിനും അന്ന് നിലവിലുണ്ടായിരുന്ന പാഷണ്ഡതകളെ തടയുന്നതിനുമായി 'കത്തോലിക്കാ ഗ്രന്ഥാവലി' എന്ന പേരില്‍ ഒരു ദ്വൈവാരികയും അദ്ദേഹം പ്രസിദ്ധീകരിച്ചു.

ആത്മാക്കളുടെ രക്ഷയ്ക്കും ജന ജീവിതത്തിന്റെ ഉന്നമനത്തിനുമായി വിശുദ്ധന്‍ എത്രമാത്രം തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചോ അത്രയധികം ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തെ വധിക്കുന്നതിന് അവര്‍ പല തവണ ശ്രമിച്ചു. എന്നാല്‍ അവയില്‍ നിന്നെല്ലാം ദൈവം വിശുദ്ധനെ അത്ഭുതകരമായി രക്ഷിച്ചു.

ഇന്ന് ലോകത്തെമ്പാടും പ്രശസ്തമാം വിധം സേവനം ചെയ്യുന്ന സലേഷ്യന്‍ സഭ 1849 ലാണ് അദ്ദേഹം സ്ഥാപിച്ചത്. പെണ്‍കുട്ടികള്‍ക്കായി 'ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രികള്‍' എന്ന നാമത്തില്‍ ഒരു സഭയും അദ്ദേഹം സ്ഥാപിച്ചു. 1888 ജനുവരി 31 ന് വിശുദ്ധന്‍ മരണമടഞ്ഞു. 1907 ജൂലൈ 21 ന് പിയൂസ് പത്താമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. 1929 ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ ഡോണ്‍ ബോസ്‌കോയെ വാഴ്ത്തപ്പെട്ടവനായും 1934 ല്‍ വിശുദ്ധനായും പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ ആദംനാന്‍

2. സിസിലിയിലെ അത്തനേഷ്യസ്

3. അയര്‍ലന്റുകാരനായ അയിദാന്‍

4. ട്രോയിസ് ബിഷപ്പായ ബോബിനൂസ്

5. അലക്‌സാണ്ട്രിയായിലെ സ്രൂസും ജോണും

6. അലക്‌സാണ്ട്രിയായിലെ ടാര്‍സീയൂസ്, സോട്ടിക്കൂസ്, സിറിയാക്കൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.