വ‍ർദ്ധിത വീര്യത്തോടെ ഡെല്‍ഹി ക്യാപിറ്റല്‍സ് കലാശപ്പോരാട്ടത്തിലേക്ക്

വ‍ർദ്ധിത വീര്യത്തോടെ ഡെല്‍ഹി ക്യാപിറ്റല്‍സ് കലാശപ്പോരാട്ടത്തിലേക്ക്

അബുദാബി : ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആഗ്രഹിച്ച കാര്യം തന്നെയാണ് ടോസ് കിട്ടുകയെന്നുളളത്. അത് അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് കളിച്ചത്. എതിർടീമിന്‍റെ ശക്തി ദൗ‍ർബല്യങ്ങള്‍ നോക്കാതെ നമ്മുടെ ശക്തി കളിരീതി എങ്ങനെയാണോ അത്തരത്തില്‍ നാം കളിക്കും. മാനേജ്മെന്‍റിന്‍റെ അത്തരത്തിലുളള ധീരമായ തീരുമാനം തന്നെയാണ് ഡെല്‍ഹി ക്യാപിറ്റല്‍സിന് വിജയം നേടികൊടുത്തത്. ടോസ് ലഭിച്ച സമയത്തെല്ലാം ബൗള്‍ ചെയ്ത് ടീമിനെ 160 നകത്ത് പുറത്താക്കി പിന്തുട‍ർന്ന് ജയിക്കുകയെന്നുളള രീതിയാണ് സണ്‍റൈസേഴ്സ് അവലംബിച്ചിരുന്നത്. പക്ഷെ ടോസ് ലഭിച്ച ഡെല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ശക്തിയെന്താണോ അതിന് വേണ്ടി കളിക്കുന്നതുപോലെ തോന്നി. പൃഥ്വിഷായെ മാറ്റിനി‍ർത്തി മ‍ർക്കസ് സ്റ്റോയിനിസിനെ ഓപ്പണിംഗിലേക്ക് കൊണ്ടുവന്നു. അതൊരു മികച്ചതീരുമാനമായിരുന്നുവെന്ന് പറയാം. അതുവരെ ഫിനിഷറുടെ റോളാണ് അദ്ദേഹത്തിന് നല്കിയിരുന്നതെങ്കില്‍ പോലും സന്ദീപ് ശർമയെ പോലെ ജെയ്സണ്‍ ഹോള്‍ഡറെ പോലെ അധികം വേഗതയില്ലാതെ പന്തെറിയുന്ന താരങ്ങളെ ആക്രമിച്ച് കളിക്കുകയെന്നുളള നി‍ർദ്ദേശമായിരുന്നു അദ്ദേഹത്തിന് നല്കിയിരുന്നത്.ആ നീക്കം ഫലം കണ്ടു. 

സണ്‍റൈസേഴ്സ് ഹൈദരാബാദിന് പിഴച്ചത് അവരുടെ ഫീല്‍ഡിംഗിലാണ്. ഒരു അവസരത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന സമയത്ത് മൂന്നാമത്തെ ഓവറിലാണ് മ‍ർക്കസ് സ്റ്റോനിസിനെ ജെയ്സണ്‍ ഹോള്‍ഡ‍ർ വിട്ടുകള‌ഞ്ഞത്. അതിനുശേഷമാണ്, ഒരു ആത്മവിശ്വാസത്തോടെ സ്റ്റോയിനിസ് കളിക്കാന്‍ തുടങ്ങിയത്. ഡെല്‍ഹി ക്യാപിറ്റില്‍സിനെ സംബന്ധിച്ചിടത്തോളം ശ്രേയസ് അയ്യ‍ർ വണ്‍ഡൗണായി വരികയും അജിന്‍ക്യാ രഹാനെയെ ബാറ്റിംഗിന് അയക്കേണ്ടി വരാതിരിക്കുകയും ചെയ്തു. എപ്പോഴും ഒരു ആധിപത്യം ഡെല്‍ഹി ക്യാപിറ്റല്‍സിന് ഉണ്ടായിരുന്നുവെന്നുളളതാണ്. ശ്രേയസ് അയ്യ‍ർ പുറത്താകുമ്പോള്‍ ഹെറ്റ് മെയ‍ർ എത്തുന്നു. അദ്ദേഹത്തിനും നല്ലൊരു ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കുന്നു. അവസാന രണ്ട് ഓവറില്‍ ഒന്ന് തിരിച്ചുവരാന്‍ ശ്രമിച്ചുവെങ്കിലും 190 എന്നുളളത് സണ്‍റൈസേഴ്സ് ഹൈദരാബാദ് കളിക്കുന്ന രീതി വച്ച് നോക്കുമ്പോള്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഫോമിലേക്ക് എത്തിയാല്‍ മാത്രമെ ഒരു പ്രതീക്ഷയെങ്കിലും ഉണ്ടാവുമായിരുന്നുളളൂ. നിർഭാഗ്യം കൊണ്ട് അവർക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഫോം തുടർന്ന കെയ്ന്‍ വില്ല്യംസണ്‍ വിജയം എത്തിപ്പിടിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കൃത്യമായ സമയത്ത് മ‍ർക്കസ് സ്റ്റോയിനിസ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഒരു ഓവറില്‍ പ്രിയം ഗാർഗിനേയും മനീഷ് പാണ്ഡെയും പുറത്താക്കി വിജയശില്‍പിയായി.

ഡെല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ചിടത്തോളം നിർണായകമായ അവർ അർഹിച്ച വിജയം തന്നെയായി ഇത്. മുംബൈ ഇന്ത്യന്‍സുമായി കഴിഞ്ഞ തവണ നേർക്കുനേർ വന്നപ്പോള്‍ അമ്പേ പരാജയപ്പെട്ടുപോയ ഡെല്‍ഹി ക്യാപിറ്റല്‍സ് വർദ്ധിത വീര്യത്തോടെയാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുക. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഡെല്‍ഹിക്ക് കഴിയും.പക്ഷെ മുംബൈ ശക്തമായ ടീമാണ്. അവർക്കെതിരെ കളിക്കുമ്പോള്‍ സർവ്വ ശക്തിയുമെടുത്ത് വേണം കളിക്കാനെന്നുളളതാണ്. അടുത്തമത്സരത്തിലും ഹെറ്റ് മെയറെ പോലൊരു ഫിനിഷറുടെ, അത്തരത്തിലൊരു താരത്തിന്‍റെ പ്രകടനവും നിർണായകമായിരിക്കും. ഒരു കാര്യമുറപ്പ്, ആവേശഭരിതമായിരിക്കും കലാശപ്പോരാട്ടം.

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ്  എഫ്. എം 101.3 കമന്റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.