മെല്‍ബണില്‍ ശ്മശാനത്തില്‍നിന്ന് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ചു; സാത്താന്‍ സേവയ്‌ക്കെന്നു സംശയം

മെല്‍ബണില്‍ ശ്മശാനത്തില്‍നിന്ന് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ചു; സാത്താന്‍ സേവയ്‌ക്കെന്നു സംശയം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലുള്ള ശ്മശാനത്തിലെ കല്ലറകള്‍ തകര്‍ത്ത് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ചു. ഫൂട്ട്സ്‌ക്രേ സെമിത്തേരിയിലെ രണ്ട് ശവകുടീരങ്ങളില്‍നിന്നാണ് മോഷണം നടന്നിട്ടുള്ളത്. മൃതദേഹങ്ങളുടെ തലകള്‍ മാത്രമായി നീക്കം ചെയ്ത് മോഷ്ടിച്ചുകൊണ്ടുപോയ സംഭവം വലിയ ഞെട്ടലോടെയാണ് മെല്‍ബണ്‍ സമൂഹം കേട്ടത്. മോഷണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ലെങ്കിലും സാത്താന്‍ സേവയ്ക്കു വേണ്ടിയാണെന്ന സംശയം കടുത്ത ഉത്കണ്ഠയാണ് മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്.

ഫുട്സ്‌ക്രേ സെമിത്തേരിയിലെ രണ്ടു കല്ലറകള്‍ തകര്‍ത്ത് അതില്‍ അടക്കം ചെയ്തിട്ടുള്ള ശവപ്പെട്ടികള്‍ തുറന്നാണ് മൃതദേഹങ്ങളുടെ തലകള്‍ നീക്കം ചെയ്തത്. തലയല്ലാതെ മറ്റൊന്നും എടുത്തിട്ടില്ല. കല്ലറകള്‍ തകര്‍ക്കാന്‍ വിവിധ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു സമീപത്തായി സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും പ്രതികള്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. മെഴുകുതിരികള്‍, സാത്താനുള്ള കത്തുകള്‍ എന്നിവയുള്‍പ്പെടെയാണ് ലഭിച്ചത്. ഇതാണ് സാത്താന്‍ സേവയ്ക്കു വേണ്ടിയാണ് മോഷണം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നത്.


മെല്‍ബണ്‍ സെമിത്തേരിയില്‍ തകര്‍ക്കപ്പെട്ട കല്ലറകള്‍

ജനുവരി 27 രാത്രിയിലാണ് ആദ്യ മോഷണം നടന്നതെന്ന് വിക്ടോറിയ പോലീസ് ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ ബെന്‍ ജര്‍മന്‍ പറഞ്ഞു. രണ്ടാമത്തെ മോഷണം കഴിഞ്ഞ തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കും ഇടയിലാണ് സംഭവിച്ചത്.

സെമിത്തേരിയുടെ പിന്‍ഭാഗത്തുള്ള കല്ലറകളിലാണ് മോഷണം നടന്നത്. കല്ലറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് ചൊവ്വാഴ്ച്ച വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഓസ്ട്രേലിയയില്‍ ഇത്തരത്തിലുള്ള ഒരു സംഭവവും താന്‍ കേട്ടിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന
ക്രിമിനോളജിസ്റ്റ് സാന്തെ മാലറ്റ് പറഞ്ഞു. ഇത് വളരെ അസ്വസ്ഥതപ്പെടുത്തുന്ന സംഭവമാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേകിച്ച് കുടുംബാംഗങ്ങള്‍ക്ക് ഇത് ഏറെ വേദനയുണ്ടാക്കും. ഈ ലോകം വിട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ സമാധാനത്തോടെ വിശ്രമിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

മൂന്നാമത് ഒരു കല്ലറ കൂടി തകര്‍ത്ത നിലയിലായിരുന്നു. എന്നാല്‍ അത് മുന്‍കൂറായി വാങ്ങിയ ഒരു പ്ലോട്ടായിരുന്നതിനാല്‍ മൃതദേഹം ഉണ്ടായിരുന്നില്ല.

ഗുരുതരമായ ഈ കുറ്റകൃത്യത്തിന്റെ പിന്നിലുളള ഉദ്ദേശ്യത്തെക്കുറിച്ച് പോലീസിന് വ്യക്തതയില്ലെങ്കിലും ഇത് സാത്താനിസവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വിക്ടോറിയയില്‍ സമാനമായ കേസുകള്‍ നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുമെന്ന് ബെന്‍ ജര്‍മന്‍ പറഞ്ഞു.

'ശ്മശാനത്തിലേക്ക് കാല്‍നടയായി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. അതിനാല്‍ കുറ്റകൃത്യങ്ങളില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് കുറ്റവാളികള്‍ ഉപേക്ഷിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

പ്രദേശത്ത് പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിക്കുമെന്നും സിസിടിവി സ്ഥാപിക്കുന്നതുള്‍പ്പെടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബെന്‍ ജര്‍മന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.