യു.എസ് ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജോ ബൈഡന്‍

യു.എസ് ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ കൊല്ലപ്പെട്ടതായി യു.എസ്. പ്രസിഡന്റ്. സിറിയയിലെ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷിയാണ് അമേരിക്കന്‍ സൈന്യത്തിന്റെ റെയ്ഡിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു സൈനിക നടപടി.

പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇസ്ലാമിക് സ്റ്റേറ്റ് നേതാവിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി തന്റെ നിര്‍ദേശപ്രകാരം യുഎസ് സൈന്യം വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തി. അമേരിക്കന്‍ പൗരന്മാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും സംരക്ഷിക്കാനായിരുന്നു അത്. സൈന്യത്തിന്റെ ധീരതയ്ക്കു നന്ദി, ഞങ്ങള്‍ ഐ.എസ്.ഐ.എസ് നേതാവ് അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷിയെ വധിച്ചു. എല്ലാ അമേരിക്കന്‍ പൗരന്മാരും ദൗത്യം പൂര്‍ത്തിയാക്കി സുരക്ഷിതരായി മടങ്ങി'.

ഇന്നു പുലര്‍ച്ചെ യുഎസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകള്‍ നടത്തിയ റെയ്ഡിനിടെയാണ് നേതാവ് സ്വയം ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. ഒപ്പം കൊല്ലപ്പെട്ട 13 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണക്കാരും തീവ്രവാദികളുമുണ്ടെന്ന് അസോസിറ്റേഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2019-നു ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു ഇന്നത്തെ ഓപ്പറേഷനെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസിന്റെ ഭാഗത്ത് ആളപായം ഉണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുമെന്നും കിര്‍ബി വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ 31-നാണ് അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷി ഇസ്ലാമിക് നേതാവായി ചുമതലയേല്‍ക്കുന്നത്. ഖുറൈഷിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.

ഇറാഖില്‍ ജനിച്ച ഖുറൈഷി മൊസൂള്‍ സര്‍വകലാശാലയില്‍ നിന്ന് ഷരിയ നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ഇറാഖില്‍ സൈനികനായി ജോലി ചെയ്തിരുന്നു. സദ്ദാം ഹുസൈന്റെ മരണത്തോടെ ഖുറൈഷി അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നു. 2004-ല്‍ ഖുറൈഷി അമേരിക്കന്‍ സേനയുടെ പിടിയിലായി. അമേരിക്കയുടെ ബുക്ക ക്യാമ്പില്‍ വച്ചാണ് ഖുറൈഷി ബാഗ്ദാദിയെ കാണുന്നത്. 2008 ല്‍ തടവിലിരിക്കെ അമേരിക്കന്‍ സൈന്യത്തിന് ഖുറൈഷി നിരവധി സുപ്രധാന വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഖുറൈഷി വീണ്ടും അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2014 ലാണ് ഖുറൈഷി അല്‍ ഖ്വയ്ദ വിട്ട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നത്. 2014-ല്‍ ഐഎസ് മൊസൂള്‍ പിടിച്ചടുക്കുമ്പോള്‍ ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ചത് ഖുറൈഷിയായിരുന്നു. യസീദികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സിഞ്ചാര്‍ കൂട്ടക്കുരുതിക്ക് പിന്നില്‍ ഖുറൈഷിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.