ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹം വീണ്ടും കൂട്ടി റഷ്യ ; തെളിവുകളുമായി സാറ്റലൈറ്റ് ചിത്രങ്ങള്‍

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹം വീണ്ടും കൂട്ടി റഷ്യ ; തെളിവുകളുമായി സാറ്റലൈറ്റ് ചിത്രങ്ങള്‍


കീവ്: അമേരിക്ക കൂടുതല്‍ സൈനികരെ അയക്കാന്‍ തീരുമാനിച്ചതിന് തൊട്ടു പിന്നാലെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം കടുപ്പിച്ച് റഷ്യ. പടക്കോപ്പുകളും വലിയ തോതില്‍ എത്തിക്കുന്നുണ്ട്. യു.എസ് ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സര്‍ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളില്‍ വന്‍തോതിലുള്ള ടാങ്കര്‍ സജ്ജീകരണങ്ങളും സൈനിക ടെന്റുകളും വന്‍ സൈനിക സാന്നിധ്യവും ദൃശ്യമാണ്.

യു.എസ് കിഴക്കന്‍ യൂറോപ്പിലേക്കും ഉക്രെയ്‌നിലേക്കും കൂടുതല്‍ സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് റഷ്യ യുദ്ധ സന്നാഹങ്ങള്‍ ഊര്‍ജിതമാക്കിയത്. സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വന്‍തോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധസാമഗ്രികളുമെല്ലാം ഇവിടെ വിന്യസിച്ചിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയല്‍രാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

സ്വന്തമായി വികസിപ്പിച്ച 'ഇസ്‌കന്ദര്‍' ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ബെലാറസിലെ റഷ്യന്‍ സൈനിക പരീശീലന താവളത്തിലും റഷ്യ എത്തിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ ഉക്രെയ്ന്‍ അതിര്‍ത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. ക്രീമിയയില്‍ പുതുതായി വിന്യസിക്കപ്പെട്ട സൈനികര്‍ക്കായി താല്‍ക്കാലിക പാര്‍പ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചു.



നൂറുകണക്കിനു സൈനിക വാഹനങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കാണാം. ഉക്രെയ്ന്‍ അതിര്‍ത്തിയിലെ 8,500 സൈനികര്‍ക്കുപുറമെ കഴിഞ്ഞ ദിവസം കിഴക്കന്‍ യൂറോപ്പിലെക്കും അമേരിക്ക 3,500 സൈനികരെ അയച്ചിരുന്നു. ഇതോടെയാണ് റഷ്യ ജാഗ്രത ശക്തമാക്കിയത്. എന്നാല്‍, ഉക്രെയ്‌നുള്ള സൈനിക സഹായവും മറ്റ് നീക്കങ്ങളും നിയന്ത്രിക്കാമെന്ന് അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും റഷ്യയോട് സമ്മതിച്ചിട്ടുണ്ട്. അനുഞ്ജനനീക്കങ്ങള്‍ക്കും ഇവര്‍ തയാറായിട്ടുണ്ട്. ഉക്രെയ്‌നെ നാറ്റോ അംഗമാക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നു റഷ്യ ആവശ്യപ്പെടുന്നു.കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കാനും ആവശ്യമുണ്ട്.

പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡ്മിര്‍ സെലന്‍സ്‌കി പടിഞ്ഞാറന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷമൊഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ഇതിനിടയിലും കിഴക്കന്‍ യൂറോപ്പില്‍ അധിക സൈന്യത്തെ വിന്യസിച്ചു അമേരിക്ക. ഇവിടെ നേരത്തെ നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലേക്കാണ് കൂടുതല്‍ യുഎസ് സൈനികരെത്തുന്നത്.

അതിര്‍ത്തിയില്‍ റഷ്യയുടെ വന്‍ സേനാവിന്യാസത്തിനു പിന്നാലെ ദിവസങ്ങള്‍ക്കു മുന്‍പ് യു.എസ് പടക്കപ്പല്‍ ഉക്രെയ്ന്‍ തീരത്തെത്തിയിരുന്നു. മിസൈല്‍ വേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യു എസ് പടക്കപ്പല്‍ നങ്കൂരമിട്ടത്.ദിവസങ്ങള്‍ക്കു മുന്‍പാണ് അതിര്‍ത്തിയില്‍ റഷ്യ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചത്. ഉക്രെയ്‌നെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനിക നീക്കത്തിനൊന്നും ഇപ്പോള്‍ ആലോചനയില്ലെന്ന് റഷ്യ പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നാറ്റോയും യു.എസും അംഗീകരിച്ചില്ലെങ്കില്‍ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പു നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.