ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ലാംഗര്‍ രാജിവച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ലാംഗര്‍ രാജിവച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ലാംഗര്‍ രാജിവെച്ചു. തന്റെ നാലു വര്‍ഷത്തെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. താരത്തിന്റെ ഭാവി സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡ് അംഗങ്ങള്‍ വെള്ളിയാഴ്ച്ച ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച്ച ലാംഗര്‍ രാജിവെച്ചൊഴിഞ്ഞത്. മൂന്ന് വര്‍ഷത്തിലേറെയായി ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സേവനമനുഷ്ടിച്ചയാളാണ് ലാംഗര്‍.

2018-ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മുന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചതിനു പിന്നാലെയാണ് ലാംഗര്‍ ഈ സ്ഥാനത്തെത്തുന്നത്. ഈ വിവാദത്തിനു ശേഷം ഓസീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ലാംഗറായിരുന്നു.

ഓസീസ് ടീമിന് ട്വന്റി 20 ലോകകപ്പും ആഷസ് പരമ്പരയും നേടിക്കൊടുക്കാനായതാണ് ലാംഗറുടെ പരിശീലന കാലയളവിലെ എടുത്തുപറയേണ്ട നേട്ടങ്ങള്‍. എന്നാല്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായതും ബംഗ്ലാദേശിനോടും വെസ്റ്റിന്‍ഡീസിനോടും കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടതും ലാംഗറിന് ക്ഷീണമായി.

ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഒരു മാസത്തിനുള്ളിലാണ് ജസ്റ്റിന്‍ ലാംഗര്‍ പരിശീലക സ്ഥാനം രാജിവയ്ക്കുന്നത്.

ലാംഗറുടെ കടുപ്പമേറിയ കോച്ചിങ് ശൈലിക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പല ഓസീസ് കളിക്കാര്‍ക്കും അതൃപ്തിയുള്ളതായി നേരത്തെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ഹെഡ്മാസ്റ്ററെ പോലെ പെരുമാറുന്നു എന്നായിരുന്നു വിമര്‍ശനം.

ഓസീസ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനാണ് ഇടക്കാല ചുമതല. ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്, മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ലാംഗറിന് പകരം പരിശീലക സ്ഥാനത്തേക്ക് ഉയരുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ് ഓസ്‌ട്രേലിയയുടെ അടുത്ത ദൗത്യം. 24 വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന പാകിസ്ഥാന്‍ പര്യടനം ഇതിന് പിന്നാലെ നടക്കും.

കരാര്‍ ഏതാനും നാളത്തേക്ക് നീട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെന്നും എന്നാല്‍ അത് സ്വീകരിക്കാന്‍ ലാംഗര്‍ തയ്യാറായില്ലെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ലാംഗറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്താക്കുകയായിരുന്നുവെന്ന് റിക്കി പോണ്ടിംഗ് ആരോപിച്ചു.

അതേസമയം, ആഷസ് പരമ്പരയ്ക്കു തൊട്ടുമുമ്പ് അന്നത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്നെയും ഇപ്പോള്‍ ലാംഗറെയും പുറത്താക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി ലജ്ജാകരമാണെന്നു റിക്കി പോണ്ടിംഗ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.