മൊറോക്കോയിലെ കുഴല്‍ കിണറില്‍ അഞ്ചു വയസുകാരന് ദാരുണാന്ത്യം; അഞ്ചു ദിവസത്തെ രക്ഷാദൗത്യം വിഫലം

മൊറോക്കോയിലെ കുഴല്‍ കിണറില്‍ അഞ്ചു വയസുകാരന് ദാരുണാന്ത്യം; അഞ്ചു ദിവസത്തെ രക്ഷാദൗത്യം വിഫലം

റബാത്ത്: വടക്കന്‍ മൊറോക്കോയിലെ ഇടുങ്ങിയ കുഴല്‍ കിണറില്‍ വീണ കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാന്‍ അഞ്ച് ദിവസമായി നടന്നുവന്ന ശ്രമം പരാജയപ്പെട്ടു. അഞ്ച് വയസ്സുകാരനായ റയാന്‍ അവ്റാന്‍ 32 മീറ്റര്‍ അടി ആഴമുള്ള കിണറ്റില്‍ അന്ത്യശ്വാസം വലിച്ചു. കുന്നിന്‍ചെരിവിലെ മണ്ണും പാറയും വന്‍തോതില്‍ നീക്കി കിണറ്റിലേക്ക് തിരശ്ചീനമായി ഒരു തുരങ്കം തീര്‍ത്തെങ്കിലും മൃതദേഹമേ പുറത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ.

ചെഫ്ചൗവനിനടുത്തുള്ള കുന്നുകളിലെ തന്റെ ഗ്രാമമായ ഇഗ്റാനിലെ കിണറ്റില്‍ റയാന്‍ വീണത് ചൊവ്വാഴ്ചയാണ്. കിണറിന് 45 സെന്റീമീറ്റര്‍ (18 ഇഞ്ച്) മാത്രമായിരുന്നു മുകളിലെ വ്യാസം. താഴേക്ക് വ്യാസം കുറഞ്ഞ നിലയിലും. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുമായിരുന്നില്ല. റയാന്‍ കുടുങ്ങിയത് നൂറടി താഴെയായിരുന്നു. രാജ്യത്തെ ജനങ്ങള്‍ ഒട്ടാകെ കനത്ത ആശങ്കയോടെയും പ്രാര്‍ത്ഥനയോടെയുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്കിപ്പോന്നത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജുകള്‍ റയാന്റെ മൃതദേഹം വീണ്ടെടുത്തതിന് ശേഷമുള്ള ദൃശ്യങ്ങള്‍ കാണിച്ചു. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരും കാഴ്ചക്കാരുമാണ് സൈറ്റില്‍ തടിച്ചുകൂടി പ്രാര്‍ത്ഥന തുടര്‍ന്നത്. മൊറോക്കോയിലെ മുഹമ്മദ് രാജാവ് മാതാപിതാക്കളെ അനുശോചനം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യന്ത്രങ്ങളും അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു മലകളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരുടെ വിഫല ദൗത്യം. മണ്ണിടിച്ചില്‍ ഭീഷണിയും വലിയ പാറകളും കനത്ത വെല്ലുവിളി സൃഷ്ടിച്ചു. കുട്ടി ജീവനോടെ കിടക്കുന്ന ദൃശ്യങ്ങള്‍ കിണറിലേക്ക് ഇറക്കിയ ക്യാമറയില്‍ ലഭിച്ചിരുന്നു.

ചൊവ്വാഴ്ച കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ കിണറ്റില്‍ നിന്നും കരച്ചില്‍ കേള്‍ക്കുകയായിരുന്നുവെന്ന് റയാന്റെ അടുത്ത ബന്ധു പറഞ്ഞു. തുടര്‍ന്ന് വെളിച്ചമെത്തിച്ച് കുട്ടി അകപ്പെട്ട സ്ഥലം കണ്ടെത്തുകയായിരുന്നു. വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കിണറിലേയ്ക്ക് ഭക്ഷണം എത്തിച്ചെങ്കിലും കുട്ടി കഴിച്ചില്ല. ജീവന്‍ നിലനിര്‍ത്താനായി ട്യൂബ് വഴി വെള്ളവും ഓക്സിജനും എത്തിക്കാനുള്ള ശ്രമവും വിജയിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.