വാഷിംഗ്ടണ്‍: ഉക്രെയ്‌നിനെ ആക്രമിക്കുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാനുള്ള സംയുക്ത ശ്രമം കൂടുതല്‍ ശക്തമാക്കി അമേരിക്കയും ജര്‍മ്മനിയും. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റ് ബൈഡനുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി.മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയെയും ജര്‍മ്മനിയെയും ബന്ധിപ്പിക്കുന്ന നോര്‍ഡ് സ്ട്രീം 2 പ്രകൃതിവാതക പൈപ്പ്‌ലൈനിന് അതോടെ വിരാമമാകുമെന്ന് ബൈഡന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പുതിയ ജര്‍മ്മന്‍ ചാന്‍സലറുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഇത്. ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ റഷ്യക്കെതിരായ ബൈഡന്റെ ഭീഷണിയെ അതേ ഭാഷയില്‍ ഷോള്‍സ് പിന്തുണച്ചില്ലെങ്കിലും പൈപ്പ്ലൈന്‍ നിയന്ത്രിക്കുന്ന ജര്‍മ്മനിക്കും അതിന്റെ നാറ്റോ പങ്കാളികള്‍ക്കും ഇടയില്‍ ഇക്കാര്യത്തില്‍ തുറന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
'ഞങ്ങള്‍ ഐക്യത്തിലായിരിക്കും. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും,' ഉക്രെയ്‌നിലേക്ക് വന്‍ തോതില്‍ സൈനിക സഹായം അയയ്ക്കുന്നതില്‍ വിമുഖത പ്രകടമാക്കുന്നതിനിടെയും ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞു. നോര്‍ഡ് സ്ട്രീം 2 'ഒരു സ്വകാര്യ മേഖലാ പദ്ധതി ' ആണെന്ന അഭിപ്രായം ഷോള്‍സ് നേരത്തെ മുന്നോട്ടുവച്ചിരുന്നു.അതേസമയം, 'ആവശ്യമായ എല്ലാ നടപടികളും ഒരുമിച്ച് സ്വീകരിക്കും' മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
'നോര്‍ഡ് സ്ട്രീം 2 നു തടയിടുമെന്ന ബൈഡന്റെ ഭീഷണിയെ വ്യക്തമായി പിന്തുണയ്ക്കാന്‍ നാറ്റോ സഖ്യകക്ഷിയെന്ന നിലയില്‍ ജര്‍മ്മനി തയ്യാറാകാത്തതിനെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെ'ന്ന് ഒരു ജര്‍മ്മന്‍ റിപ്പോര്‍ട്ടര്‍ ഷോള്‍സിനോട് ചോദിച്ചപ്പോള്‍, ബൈഡന്‍ ഇടപെട്ടു. 'ജര്‍മ്മനി പൂര്‍ണ്ണമായും വിശ്വസനീയമാണ്'- ബൈഡന്‍ പറഞ്ഞു.'ജര്‍മ്മനിയെക്കുറിച്ച് എനിക്ക് സംശയമില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയതന്ത്രത്തിന്റെയും പ്രതിരോധത്തിന്റെയും സമീപനങ്ങളുമായുള്ള സമഗ്ര കരാര്‍ ബൈഡനും ഷോള്‍സും ഒപ്പിട്ടു.റഷ്യ ആക്രമിച്ചാല്‍ 'വേഗത്തിലുള്ളതും കഠിനവുമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. 'അടിസ്ഥാനം ഇതാണ്: ജര്‍മ്മനിയും യു.എസും അടുത്ത സുഹൃത്തുക്കളും വിശ്വസനീയമായ പങ്കാളികളുമാണ്. ഞങ്ങള്‍ക്ക് പരസ്പരം വിശ്വസിക്കാം,' ബൈഡന്‍ പറഞ്ഞു. റഷ്യന്‍ ആക്രമണത്തെ തടയുന്നതിനായുള്ള നീക്കത്തില്‍ 'നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിന്റെ ദീര്‍ഘകാല ജനാധിപത്യ തത്വങ്ങള്‍' ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം രണ്ട് നേതാക്കളും അംഗീകരിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.
ആംഗല മെര്‍ക്കലിന്റെ കീഴില്‍ ധനകാര്യ മന്ത്രിയായിരുന്ന ഷോള്‍സ്, ഡിസംബറിലാണ് അവരുടെ പിന്‍ഗാമിയായി സ്ഥാനമേറ്റത്. അറ്റ്‌ലാന്റിക് സഖ്യത്തിന്റെ നെടുംതൂണായിരുന്ന ജര്‍മ്മനി പെട്ടെന്ന് സഖ്യത്തിലെ ഒരു ദുര്‍ബലമായ കണ്ണിയായെന്ന ആശങ്കകള്‍ ഇല്ലാതാക്കാനുള്ള ലക്ഷ്യം ഷോള്‍സ് ഏറ്റെടുത്തിട്ടുള്ളതായാണ് സൂചന. ഉക്രെയ്‌നിന്റെ പ്രതിരോധത്തിനുള്ള പ്രധാന സംഭാവനയായി 5,000 ഹെല്‍മെറ്റുകള്‍ മാത്രം അയച്ചതിന് ജര്‍മ്മനിയുടെ നേതൃത്വത്തെ സഖ്യകക്ഷികളും ജര്‍മ്മന്‍ ജനതയും കഴിഞ്ഞ മാസം വിമര്‍ശിച്ചിരുന്നു.അതിനു ശേഷമാണ്, ആക്രമണമുണ്ടായാല്‍ മോസ്‌കോ 'ഉയര്‍ന്ന വില' നല്‍കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഷോള്‍സ് പരസ്യമായി പറഞ്ഞത്. എന്നാല്‍ ഉക്രെയ്നിന് മാരകായുധങ്ങള്‍ നല്‍കാനോ കിഴക്കന്‍ യൂറോപ്പിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനോ റഷ്യയ്ക്കെതിരെ ഏത് ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കാനോ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.