കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരി ജനറലും അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഹൃദയാഘാതം മൂലം ഇന്ന് വെളുപ്പിന് 3.20 ന് നിര്യാതനായി. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്കോ, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫന്റ് ജീസസ്, കളമശ്ശേരി സെന്റ് ജോൺ ഓഫ് ഗോഡ് എന്നീ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ എൽ സി എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്‌ട്രീസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോൾ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വികാരിയായി സേവനം അനുഷ്ഠിക്കവെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചര വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് പരേതസ്മരണാ ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നതാണ്. വൈകുന്നേരം ഏഴു മുതൽ നാളെ രാവിലെ എട്ടു വരെ ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് NRA Lane ലുള്ള അദ്ദേഹത്തിന്റെ ഭവനത്തിലും രാവിലെ എട്ടേകാൽ മുതൽ പത്തര വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തിലും പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിന് ശേഷം ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.