നിക്ഷേപകാര്യത്തില്‍ സംസ്ഥാനത്തെ ഡൗട്ട് മോഡ് മാറി, ഇപ്പോള്‍ ട്രസ്റ്റ് മോഡിലെന്ന് മന്ത്രി പി രാജീവ്

നിക്ഷേപകാര്യത്തില്‍ സംസ്ഥാനത്തെ ഡൗട്ട് മോഡ് മാറി, ഇപ്പോള്‍ ട്രസ്റ്റ് മോഡിലെന്ന് മന്ത്രി പി രാജീവ്

ദുബായ്: യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലെ സംരംഭകർക്ക് കേരളത്തില്‍ നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴുളളതെന്ന് മന്ത്രി പി രാജീവ്. നിങ്ങളുടെ നിക്ഷേപം ഞങ്ങളുടെ അഭിമാനമെന്നതിലൂന്നിയാണ് സർക്കാർ മുന്നോട്ട് നടക്കുന്നത്. കേരളത്തില്‍ നിക്ഷേപം നടത്തിയാല്‍ അത് ഫലപ്രദമാകുമോയെന്നുളള സംശയം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇന്നത് മാറി. വിശ്വാസത്തോടെ നിക്ഷേപം നടത്താനുളള സാഹചര്യമാണ് ഇന്ന് കേരളത്തിലുളളതെന്നും അദ്ദേഹം പറഞ്ഞു.

ഐബിപിസി വിദഗ്ധരുടെ സംഘം കേരളം സന്ദർശിക്കും. ലുലു 300 കോടി മുതല്‍ മുടക്കില്‍ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കും. ഫാത്തിമ മെഡിക്കല്‍ സെന്‍ററിന്‍റെ മലപ്പുറത്തെ 100 കോടിയുടെ നിക്ഷേപ പദ്ധതിയിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഹോട് പാക് ഇന്ത്യയില്‍ നിക്ഷേപം ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ അവർ സന്നദ്ധമാണ്. ആസ്റ്ററും തിരുവനന്തപുരത്തും കാസർകോഡും നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം തുടർ പ്രവർത്തനങ്ങള്‍ നടത്താന്‍ കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മലയാളി നിക്ഷേപകർ കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധമായി മുന്നോട്ട് വന്നിരിക്കുന്ന ശുഭാന്തരീക്ഷമാണ് നിലവിലുളളതെന്നും മന്ത്രി പറഞ്ഞു.

സുഗതനേയും സാജനേയും പോലുളള സാധാരണ പ്രവാസികളുടെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ് അതെല്ലാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്, എന്നാല്‍ പൊതുവിലെ ശുഭാന്തരീക്ഷം ഇത്തരം ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ ഉയർത്തി മാറ്റിനിർത്തപ്പെടരുത്. സാധാരണക്കാരായ സംരംഭകരുടെ വിഷയങ്ങളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ നല്‍കുന്നതടക്കമുളള നടപടികള്‍ സർക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. പണിമുടക്ക് മൂലം തൊഴില്‍ ദിനങ്ങള്‍ കുറയുന്ന പ്രവണത കേരളത്തില്‍ കുറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എക്സ്പോ 2020 യിലെ കേരളാവാരത്തിന്‍റെ ഭാഗമായി കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു പി രാജീവ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനം ഫലപ്രദമായിരുന്നു. ദുബായ് ഭരണാധികാരി അദ്ദേഹത്തെ കാണുന്നതിനായി എക്സ്പോയിലെത്തിയെന്നുളളത് തന്നെ ഇവിടെയുളള മലയാളികളോടുളള വിശ്വാസ്യതയും സ്നേഹവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എം ഡി എം ജി രാജമാണിക്യം, ഡോ. കെ ഇളങ്കോവൻ , എസ് ഹരികിഷോർ തുടങ്ങിയവരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.