സംഘര്‍ഷം മുറുകി;യു.എസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് ഉക്രെയ്ന്‍ വിടണമെന്ന് ബൈഡന്‍

സംഘര്‍ഷം മുറുകി;യു.എസ് പൗരന്‍മാര്‍ എത്രയും  പെട്ടെന്ന് ഉക്രെയ്ന്‍ വിടണമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യു.എസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് ഉക്രെയ്ന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.ഏതു നിമിഷവും കാര്യങ്ങള്‍ കൈവിട്ടുപോകാമെന്ന് ബൈഡന്‍ പറഞ്ഞു. 'ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്.'

ബെലാറൂസുമായി ചേര്‍ന്ന് റഷ്യ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതോടെയാണ്് ബൈഡന്റെ ആഹ്വാനം. ഏതു നിമിഷവും ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമുണ്ടാകാമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷം മുറുകിയപ്പോഴും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യു.എസ് പൗരന്‍മാര്‍ക്ക് ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നാറ്റോ സഖ്യരാജ്യങ്ങളുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ബ്രസല്‍സിലും പോളണ്ടിലും സന്ദര്‍ശനം നടത്തി. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിനെയും സന്ദര്‍ശിച്ചു. റഷ്യ, യുക്രെയ്‌നില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ റഷ്യയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. റഷ്യയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ട്രസ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേര്‍ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്‌റോവ് വിശേഷിപ്പിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ റഷ്യ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസും ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.