മെല്‍ബണ്‍: ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം മുറുകുന്നതിനിടെ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന്റെ യോഗം ഇന്ന് ഓസ്ട്രേലിയയില്‍ ആരംഭിച്ചു. നാലു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ഒത്തുചേരുന്ന യോഗം മെല്‍ബണിലാണ് നടക്കുന്നത്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ സാന്നിധ്യത്തിലാണ് യോഗം ആരംഭിച്ചത്. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, കോവിഡ്, ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ഭീഷണി എന്നിവ മുഖ്യ വിഷയമാകുമെങ്കിലും ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തില്‍ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ മുന്നോട്ടു പോകുക.
റഷ്യ ഒരു വശത്തും അമേരിക്കയും സഖ്യ സേനകളും മറുവശത്തുമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്വാഡ് സഖ്യത്തിന്റെ യോഗമെന്നതും നിര്‍ണായകമാണ്. മൂന്ന് ദിവസമാണ് ക്വാഡ് സഖ്യത്തിന്റെ യോഗം നടക്കുന്നത്.
നാലു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ ശക്തമായതിനാലാണ് ക്വാഡ് ഇത്ര നന്നായി പ്രവര്‍ത്തിച്ചതെന്ന് താന്‍ കരുതുന്നതായി എസ്. ജയശങ്കര്‍ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ക്വാഡിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യമന്ത്രി എന്ന ചുമതലയില്‍ ആദ്യമായാണ് ജയശങ്കര്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്.
കോവിഡ് മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ പിന്തുണ നല്‍കുന്നതുള്‍പ്പെടെ, ഈ സഹകരണം കൂടുതല്‍ ആഴത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു. വാക്സിന്‍ വിതരണം, സൈബര്‍ സുരക്ഷ, സാങ്കേതികവിദ്യാ കൈമാറ്റം, ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധം, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ രാജ്യങ്ങളുടെ അതിര്‍ത്തി നിയന്ത്രണങ്ങളും വ്യോമ ഗതാഗതവും വാണിജ്യ വ്യാപാര ബന്ധങ്ങളും ചര്‍ച്ചയാകും.
പസഫിക് മേഖലയിലെ ചൈനയുടെ കടന്നകയറ്റ ഭീഷണിക്കെതിരേയാണ് ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച ക്വാഡ് സഖ്യം നിലകൊള്ളുന്നത്. ജപ്പാനില്‍ നടക്കാനിരിക്കുന്ന അഞ്ചാം ഘട്ട ചര്‍ച്ചകളുടെ പ്രാരംഭ നടപടികളും ഈ യോഗത്തില്‍ തീരുമാനിക്കും. ഇന്ത്യ ഓസ്ട്രേലിയ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനേയും സന്ദര്‍ശിച്ച ശേഷമാകും ജയശങ്കര്‍ മടങ്ങുക.
ക്വാഡ് സഖ്യം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ഏറ്റവും അവസാനം ചര്‍ച്ചകള്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.