വിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പര തൂത്തുവാരി

 വിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പര തൂത്തുവാരി

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. മൂന്നാം ഏകദിനവും ജയിച്ചതോടെ ഇന്ത്യ പരമ്പര തൂത്തുവാരി. 96 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 37.1 ഓവറില്‍ 169 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ആതിഥേയര്‍ നേടിയ 265 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 37.1 ഓവറില്‍ 169 റണ്‍സിന് പുറത്തായി. 18 പന്തില്‍ മൂന്നു സിക്‌സും മൂന്നു ഫോറും സഹിതം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങില്‍, തുടക്കത്തില്‍ തന്നെ വിന്‍ഡീസിന്റെ തകര്‍ച്ച ആരംഭിച്ചു. നാലാം ഓവറിന്റെ രണ്ടാം പന്തില്‍ മുഹമ്മദ് സിറാജ് ഓപ്പണര്‍ ഷായ് ഹോപ്പിനെ (9 പന്തില്‍ 5) വിക്കറ്റിനു മുന്നില്‍ കുരുക്കി. വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 19 റണ്‍സ് മാത്രം. തൊട്ടടുത്ത ഓവറില്‍ ഓപ്പണര്‍ ബ്രന്‍ഡന്‍ കിങ്ങിനെയും (13 പന്തില്‍ 14) ഷര്‍മാര്‍ ബ്രൂക്‌സിനെയും (പൂജ്യം) പുറത്താക്കി ദീപക് ചാഹറിന്റെ ഇരട്ടപ്രഹരം. ഇതോടെ അഞ്ച് ഓവറില്‍ മൂന്നിന് 25 എന്ന നിലയില്‍ പരുങ്ങലിലായി വിന്‍ഡീസ്.

പിന്നീട്, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലായി. ഡാരന്‍ ബ്രാവോ (30 പന്തില്‍ 19), നിക്കോളാസ് പുരാന്‍ (39 പന്തില്‍ 34), ജയ്‌സന്‍ ഹോള്‍ഡര്‍ (12 പന്തില്‍ 6), ഫാബിയന്‍ അലന്‍ (പൂജ്യം) ഒഡീന്‍ സ്മിത്ത് (18 പന്തില്‍ 36), അല്‍സാരി ജോസഫ് (56 പന്തില്‍ 29) ഹെയ്ഡന്‍ വാല്‍ഷ് (38 പന്തില്‍ 13) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. ഒന്‍പതാം വിക്കറ്റില്‍ അല്‍സാരി ജോസഫും ഹെയ്ഡന്‍ വാല്‍ഷും ചേര്‍ന്ന് 47 റണ്‍സ് നേടി. കെമാര്‍ റോച്ച് (പൂജ്യം*) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ദീപക് ചാഹറും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.