കോവിഡ് വ്യാപനം: തടവുകാര്‍ക്ക് എല്ലാവര്‍ക്കും പരോള്‍ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

കോവിഡ് വ്യാപനം: തടവുകാര്‍ക്ക് എല്ലാവര്‍ക്കും പരോള്‍ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെന്ന് കരുതി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും പരോള്‍ അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപിക്കുന്നു എന്ന കാരണത്താല്‍ പരോള്‍ തടവുപുള്ളിയുടെ അവകാശം അല്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പരോളില്‍ കഴിയുന്ന തടവുകാരോട് തിരികെ ജയിലിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോവിഡ്, ഒമിക്രോണ്‍ വൈറസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തടവുപുള്ളികളുടെ പരോള്‍ സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജയിലില്‍ കഴിയുന്ന ചില തടവുപുള്ളികളുടെ ബന്ധുക്കള്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരോളില്‍ കഴിയുന്ന ചില തടവുപുള്ളികള്‍ പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചിരുന്നു.

കേരളത്തിലെ അടുത്ത പത്തു ദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ഹര്‍ജികളില്‍ തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ പരോള്‍ അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തു.

പരോളും, ജയില്‍ ഉപദേശക സമിതി അനുവദിക്കുന്ന ജാമ്യവും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരോള്‍ ശിക്ഷ കാലാവധിയുടെ ഭാഗമായി കണക്കാക്കും. എന്നാല്‍ ജാമ്യം കണക്കാക്കില്ല. അതിനാല്‍ കോടതിക്ക് വ്യാപകമായി പരോള്‍ നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.