ഉല്‍ക്കാബന്ധമുള്ള വമ്പന്‍ ബ്ലാക്ക് ഡയമണ്ട് ' ദ എനിഗ്മ ' വിറ്റു; വില 32 കോടി രൂപ വരുന്ന ക്രിപ്റ്റോ കറന്‍സി

ഉല്‍ക്കാബന്ധമുള്ള വമ്പന്‍ ബ്ലാക്ക് ഡയമണ്ട് ' ദ എനിഗ്മ ' വിറ്റു; വില 32 കോടി രൂപ വരുന്ന ക്രിപ്റ്റോ കറന്‍സി


ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലുതും വിലപിടിപ്പുള്ളതുമായ ബ്ലാക്ക് ഡയമണ്ട് ' ദ എനിഗ്മ ' വിറ്റുപോയത് 4.3 മില്ല്യണ്‍ ഡോളറിന്. ലോകപ്രശസ്ത രത്ന ലേല കമ്പനിയായ സതാബീസാണ് വില്‍പ്പന നടത്തിയത്. രത്നം വാങ്ങിയ ആളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ക്രിപ്റ്റോ കറന്‍സി വഴിയാണ് 32 കോടി രൂപ വരുന്ന വില്‍പ്പന നടന്നത്.ആദ്യം നിശ്ചയിച്ച വില 5.5 ദശലക്ഷം ഡോളറായിരുന്നു.

എനിഗ്മ ഭൂമിക്ക് പുറത്ത് നിന്ന് എത്തിച്ചേര്‍ന്നതാണെന്നാണ് വിലയിരുത്തല്‍. ഉല്‍ക്കകള്‍ തമ്മില്‍ കൂട്ടിയിടിച്ചോ, ഛിന്നഗ്രഹങ്ങളുമായുണ്ടായ കൂട്ടിയിടി മൂലമോ ഇത് ഭൂമിയില്‍ പതിച്ചതാകാമെന്നാണ് നിഗമനം. 55 വശങ്ങളുള്ളതാണ് 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട്.അത്യപൂര്‍വ്വമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 100 കോടി വര്‍ഷമെങ്കിലും ഇതിന് പഴക്കം കണക്കാക്കുന്നുണ്ട്.

ഭൂമിയില്‍ വച്ച് കട്ട് ചെയ്ത വജ്രങ്ങളില്‍ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്ന രത്നമാണ് എനിഗ്മ. ബ്രൗണ്‍ കലര്‍ന്ന കറുപ്പ് നിറമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കാര്‍ബണാഡോ എന്ന വജ്രവിഭാഗത്തില്‍ വരുന്നു ഇത്. ബ്രസീല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കാര്‍ബണാഡോ ശ്രേണിയിലുള്ള വജ്രങ്ങള്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

ബെല്‍ജിയത്തിലെ ഒരു വ്യക്തിയുടെ സ്വകാര്യ കളക്ഷനില്‍ നിന്നാണ് വജ്രം തങ്ങള്‍ക്ക് ലഭിച്ചതെന്ന് സതാബീസ് പറയുന്നു. 2004ലാണ് 55 വശങ്ങളുള്ള രീതിയില്‍ ഇത് മുറിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പേസില്‍ നൈട്രജന്‍, ഹൈഡ്രജന്‍ മൂലകങ്ങളുടെ മിശ്രിതമായി ഇത് രൂപപ്പെട്ടതാണെന്നും കരുതപ്പെടുന്നു. ഉല്‍ക്കാശിലകളില്‍ അടങ്ങിയിരിക്കുന്ന ഓസ്‌ബോണൈറ്റ് എന്ന ധാതു ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.