പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; പഞ്ചാബില്‍ കര്‍ഷക നേതാക്കളെ വീട്ടു തടങ്കലിലാക്കി

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; പഞ്ചാബില്‍ കര്‍ഷക നേതാക്കളെ വീട്ടു തടങ്കലിലാക്കി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടു തടങ്കലിലാക്കി. മോഡിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ജലന്ധറില്‍ പൊലീസ് വിന്യാസവും കൂട്ടി.

ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞ് വെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നാലെ വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നുവെന്ന് സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പ്രചാരണത്തിന് പ്രധാനമന്ത്രി ഇന്ന് എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താന്‍കോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് മോഡി എത്തുന്നത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനം എടുത്തിരുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു വിവരം. എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ -ഉഗ്രഹന്‍ ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിംങ് കോക്രികാലന്‍ അറിയിച്ചിരുന്നു.

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എന്നായിരുന്നു കര്‍ഷക സംഘടനകള്‍ അറിയിച്ചത്. ജനുവരി അഞ്ചിന് ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയുണ്ടായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഫ്‌ളൈ ഓവറില്‍ ഏറെ നേരം കുടുങ്ങിക്കിടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.