താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം അഫ്ഗാനില്‍ അടച്ചുപൂട്ടിയത് 86 റേഡിയോ സ്റ്റേഷനുകള്‍

താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം അഫ്ഗാനില്‍ അടച്ചുപൂട്ടിയത് 86 റേഡിയോ സ്റ്റേഷനുകള്‍

കാബൂള്‍: യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ അടച്ചുപൂട്ടിയത് ഏകദേശം 86 റേഡിയോ സ്റ്റേഷനുകള്‍.ഓഗസ്റ്റ് 15 ന് താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം 300 ലധികം വ്യത്യസ്ത തരം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ ലോക റേഡിയോ ദിനത്തിന്റെ 11 ാം പതിപ്പ് ആചരിക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ടോളോ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്തതോടെ നിലവിലെ അഫ്ഗാന്‍ മാദ്ധ്യമങ്ങളുടെ റേഡിയോ വിഭാഗത്തില്‍ കാര്യമായ നിയന്ത്രണമാണ് കൊണ്ടുവന്നത്.

അഫ്ഗാന്‍ മാദ്ധ്യമങ്ങളുടെ തകര്‍ച്ചയുടെ പ്രാഥമിക കാരണം സാമ്പത്തികവും രാഷ്ട്രീയവുമായ ബുദ്ധിമുട്ടുകളാണെന്ന് മാദ്ധ്യമ നിരീക്ഷണ സംഘടനകള്‍ പറയുന്നു. ഓഗസ്റ്റ് മുതല്‍ പ്രക്ഷേപണം നിര്‍ത്തിയ ഡസന്‍ കണക്കിന് റേഡിയോ സ്റ്റേഷനുകളില്‍ റേഡിയോ ജഹാനും ഉള്‍പ്പെടുന്നു. കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ കാരണം റേഡിയോ ജഹാന്‍ ആറ് മാസത്തിലേറെയായി സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് തലവന്‍ മൊസാവര്‍ റാസിഖ് അവകാശപ്പെട്ടു.

രാജ്യത്തുടനീളമുള്ള ഏകദേശം 70 ശതമാനം റേഡിയോ സ്റ്റേഷനുകളും അടച്ചുപൂട്ടിയതായി സംസമ റേഡിയോ സ്റ്റേഷന്‍ മേധാവി ഷഫിയുള്ള അസീസി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അസീസി പറഞ്ഞു. റേഡിയോ സ്റ്റേഷനുകളില്‍ നിന്ന് നികുതി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായും സംസമ റേഡിയോയുടെ തലവന്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളിലെ ആളുകള്‍ക്കുള്ള പ്രാഥമിക വിവര സ്രോതസ്സുകളിലൊന്നാണ് റേഡിയോ. 1926-ല്‍, മുന്‍ അഫ്ഗാന്‍ രാജാവ് അമാനുല്ല ഖാന്റെ ഭരണകാലത്ത്, അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ റേഡിയോ സ്റ്റേഷന്‍ സ്ഥാപിതമായത് കാബൂളിലാണ്.

95 ശതമാനം അഫ്ഗാന്‍ പത്രപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ ലഭിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്നും വാര്‍ത്തകള്‍ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലെന്നും ഒരു മാധ്യമ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലും 500 അഫ്ഗാന്‍ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വോട്ടെടുപ്പിന്റെ ഫലങ്ങള്‍ കാബൂളിലെ നാഷണല്‍ യൂണിയന്‍ ഓഫ് അഫ്ഗാന്‍ ജേണലിസ്റ്റ്സ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

സര്‍വേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, താലിബാന്‍ നിയന്ത്രണം വീണ്ടെടുത്തതിന് ശേഷം വിവരങ്ങള്‍ നേടുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഇല്ലാത്തതിനാല്‍ പ്രതികരിച്ചവരില്‍ 90 ശതമാനവും കാര്യമായ ബുദ്ധിമുട്ട് നേരിടുന്നു. വോട്ടെടുപ്പ് അനുസരിച്ച് 30 ശതമാനം അഫ്ഗാന്‍ പത്രപ്രവര്‍ത്തകര്‍ താലിബാന്‍ നേതാക്കളെ അഭിമുഖം നടത്തുന്നത് കഠിനമാണെന്ന് സര്‍വെ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.