ബഹിരാകാശ യാത്രയ്ക്ക് അന്ന മേനോന്‍; നാസയുടെ സംഘാംഗമായ ഡോ. അനില്‍ മേനോന്റെ ഭാര്യ

 ബഹിരാകാശ യാത്രയ്ക്ക് അന്ന മേനോന്‍; നാസയുടെ സംഘാംഗമായ ഡോ. അനില്‍ മേനോന്റെ ഭാര്യ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരന്‍ ജരേദ് ഐസക്മാന്‍ പ്രഖ്യാപിച്ച ബഹിരാകാശ യാത്രാസംഘത്തില്‍ സ്ഥാനമുറപ്പിച്ച് അന്ന മേനോന്‍; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തില്‍ അംഗമായ മലയാളി ഡോ. അനില്‍ മേനോന്റെ ഭാര്യ. സ്‌പേസ് എന്‍ജിനീയര്‍ ആയ അന്ന മേനോന്‍ ആയിരിക്കും യാത്രയുടെ പ്രധാന ദൗത്യങ്ങള്‍ പലതും കൈകാര്യം ചെയ്യുന്നത്.സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന ആദ്യത്തെ സ്‌പേസ് വാക്ക് (ബഹിരാകാശ നടത്തം) ഈ ദൗത്യത്തിന്റെ ഭാഗമാകും.

പോളാരിസ് ഡോണ്‍ എന്ന പേരിലുള്ള ബഹിരാകാശ യാത്രാദൗത്യത്തിന്റെ തയ്യാറെടുപ്പ് നടന്നുവരുന്നു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ 2022 അവസാനത്തോടെ വിക്ഷേപണം സാധ്യമാകുമെന്നാണ് പ്രതീക്ഷ.3 ഭാഗങ്ങളുള്ളതാകും പോളാരിസ് ഡോണ്‍ ദൗത്യപരമ്പര. സ്‌പേസ് എക്‌സില്‍ ലീഡ് സ്‌പേസ് ഓപ്പറേഷന്‍സ് എന്‍ജിനീയറായ അന്ന മേനോന്‍, ഡെമോ 2, ക്രൂ 1 , സിആര്‍എസ് 22, 23 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളില്‍ മിഷന്‍ കണ്‍ട്രോളില്‍ പ്രവര്‍ത്തിച്ചു. 7 വര്‍ഷം നാസയിലും ജോലി ചെയ്തു.

ബഹിരാകാശ വാഹനങ്ങള്‍ ഇതുവരെ കൈവരിച്ച ഏറ്റവും ഉയര്‍ന്ന ഭൗമ ഭ്രമണപഥം നേടുക, മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയുടെ ലേസര്‍ ആശയവിനിമയ പദ്ധതിയുടെ പരീക്ഷണങ്ങള്‍ നടത്തുക, ബഹിരാകാശ യാത്രികര്‍ നേരിടുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുക എന്നിവയാണ് പുതിയ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. സ്‌പേസ് എക്‌സിന്റെ ഭാവി യാത്രകള്‍ക്കുള്ള പ്രോട്ടോക്കോളുകളും തയാറാക്കും.കഴിഞ്ഞ വര്‍ഷം സ്‌പേസ് എക്‌സിന്റെ ആദ്യ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ജരേദ് ഐസക്മാനാണ് ദൗത്യം നയിക്കുന്നത്. സ്‌കോട് പൊറ്റീറ്റ്, സ്‌പേസ് എക്‌സിലെ ജീവനക്കാരിയായ സാറാ ഗില്‍സ് എന്നിവരും യാത്രയിലുണ്ടാകും.

സ്‌പേസ് എക്‌സിന്റെ ഏറ്റവും ശ്രദ്ധേയ ബഹിരാകാശവാഹനവും ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റുമായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണവും ഈ വര്‍ഷമുണ്ടാകുമെന്നാണു സൂചന. രണ്ടു ഭാഗങ്ങളായി 120 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 ടണ്ണോളം ഭാരം വഹിക്കാനുള്ള കഴിവുണ്ട്. ഇലോണ്‍ മസ്‌കിന്റെ സ്വപ്നമായ ചാന്ദ്ര, ചൊവ്വാ മനുഷ്യക്കോളനി പദ്ധതികളില്‍ ഈ വമ്പന്‍ റോക്കറ്റ് നിര്‍ണായകസ്ഥാനം വഹിക്കുമെന്ന് കരുതുന്നു.

അന്നയുടെ ഭര്‍ത്താവ് ഡോ. അനില്‍ മേനോന്‍ (45) സ്പേസ് എക്സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ ഫ്‌ളൈറ്റ് സര്‍ജന്‍ ആയിരുന്നു.കണ്‍ട്രോള്‍ പാനലില്‍ ഇരുന്ന് യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു ചുമതല. പൈലറ്റ് എന്ന നിലയില്‍ ആയിരത്തിലധികം മണിക്കൂര്‍ പറന്ന പരിചയവുമുണ്ട്. ഇവയെല്ലാം വിലയിരുത്തിയാണ് നാസയുടെ ഭാവി ബഹിരാകാശ യാത്രകള്‍ക്കായുള്ള പത്തംഗ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്.യു.എസിലേക്കു കുടിയേറിയ ശങ്കരന്‍ മേനോന്റെയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനില്‍. രണ്ട് കുട്ടികളുണ്ട്.അനിലിനൊപ്പം അന്ന 3 വര്‍ഷം മുന്‍പ് കേരളത്തില്‍ വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.