ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിക്കൊണ്ട് ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതികള്‍ അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ് പ്രഖ്യാപിച്ചു.
70 ദിവസങ്ങളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ ദൂരം താണ്ടി 18 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലണ്ടനില്‍ എത്തുന്ന ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് സര്‍വീസ് ആണ്. അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ബസുകള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡിന്റെ 'ബസ് ടു ലണ്ടന്‍' യാത്രയ്ക്ക് 15 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചെലവ്. ഇതില്‍ ടിക്കറ്റുകള്‍, വിസകള്‍, വിവിധ രാജ്യങ്ങളിലെ താമസം തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്നു.
46 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹി-ലണ്ടന്‍ ബസ് യാത്രയ്ക്ക് അവസരമൊരുങ്ങുന്നത്. സമാനമായ ഒരു ബസ് സര്‍വീസ് 1957 ല്‍ ഒരു ബ്രിട്ടീഷ് കമ്പനി നടത്തിയിരുന്നു. അന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു സര്‍വീസ്. എന്നാല്‍ ബസ് അപകടത്തില്‍പ്പെട്ടത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സര്‍വീസ് നിര്‍ത്തി.
അതിനുശേഷം ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന കമ്പനി സിഡ്‌നി-ഇന്ത്യ-ലണ്ടന്‍ എന്ന ആശയത്തില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ആ സര്‍വ്വീസ് 1976 വരെ തുടര്‍ന്നുവെങ്കിലും ഇറാനിലെ ആഭ്യന്തര സംഘട്ടനവും ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും കാരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. മുന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ എല്ലാ റൂട്ടുകളെയും മറികടന്നാവും ഇപ്പോള്‍ അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ് ബസ് സര്‍വീസ് നടത്തുക.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍ വഴി ബസ് ഫ്രാന്‍സിലെത്തും. ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ഒരു ക്രൂയിസ് കപ്പലും ഉപയോഗിക്കും. ഫ്രാന്‍സിലെ കാലായിസില്‍ നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് ബസ് കൊണ്ടുപോകാന്‍ ഫെറി സര്‍വീസ് ഉപയോഗിക്കും. ഈ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കും. തുടര്‍ന്ന് ഡോവറിയില്‍ നിന്ന് ബസ് ലണ്ടനിലേക്ക് നീങ്ങും.
ബസില്‍ 20 സീറ്റുകളും ഓരോ യാത്രക്കാര്‍ക്കും ക്യാബിനുകളും ഉണ്ടായിരിക്കും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും ബസിലുണ്ടാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.