ഒട്ടാവ: കാനഡയെ ഉലച്ച വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, ഓസ്‌ട്രേലിയയില്‍നിന്ന് വന്‍ തോതില്‍ ധനസഹായം ഒഴുകിയതായി റിപ്പോര്‍ട്ടുകള്‍.
ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭകര്‍ക്കു ലഭിക്കുന്ന സാമ്പത്തിക പിന്തുണ അവസാനിപ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍നിന്ന്് ധനസഹായം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നത്.
ധനസമാഹരണത്തിനായി ഉപയോഗിച്ച വെബ്‌സൈറ്റുകള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും പ്രകടനക്കാര്‍ ഇതിനകം എട്ടു മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 500-ലധികം പേരാണ് സാമ്പത്തിക സഹായം നല്‍കിയത്. അതില്‍തന്നെ മെല്‍ബണിലെ ഒരു വനിതയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്-1,817 ഓസ്‌ട്രേലിയന്‍ ഡോളര്‍.
കനേഡിയന്‍ ജനതയുടെ ജീവിതത്തെ നിശ്ചലമാക്കാനും ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും സമാനമായ പ്രക്ഷോഭങ്ങള്‍ക്കും ഈ പ്രതിഷേധം കാരണമായിരുന്നു. ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സമരം തുടരാന്‍ വേണ്ടി വിദേശത്തുനിന്നു ധനസഹായം ലഭിക്കുന്നതിനെക്കുറിച്ച് കനേഡിയന്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റായ 'ഗിവ് സെന്റ് ഗോ' മുഖേനയാണ് പ്രക്ഷോഭകര്‍ക്കു വേണ്ടി ധനസമാഹരണം നടന്നത്. എട്ടു മില്യണിലധികം യു.എസ്. ഡോളര്‍ സമാഹരിച്ചതില്‍ 33,734 യു.എസ് ഡോളര്‍ ലഭിച്ചത് ഓസ്ട്രേലിയയില്‍ നിന്നാണ്.
കഴിഞ്ഞ തിങ്കളാഴ്ച, ഈ വെബ്സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്യുകയും അതിലെ സംഭാവനകളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തു. 93,000 പേരില്‍നിന്നു ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങളാണ് സംഘം ചോര്‍ത്തിയത്. ഇതോടെയാണ് പ്രക്ഷോഭത്തിലെ ഓസ്‌ട്രേലിയന്‍ പങ്കും വെളിപ്പെട്ടത്.
പണം നല്‍കിയ വ്യക്തികളുടെ പേര്, ഇ-മെയില്‍ വിലാസം, സംഭാവന തുക എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. പ്രക്ഷോഭത്തിനു പിന്തുണ അര്‍പ്പിച്ചുള്ള ഗൗരവമേറിയ സന്ദേശങ്ങളും കൂട്ടത്തിലുണ്ട്. 'ഓസ്ട്രേലിയയില്‍നിന്ന് ഞങ്ങള്‍ യുദ്ധം ചെയ്യുന്നു', ഓസ്ട്രേലിയയിലെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ അര്‍പ്പിക്കുന്നു' തുടങ്ങി തീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് പുറത്തായത്. വിലാസം ഉപയോഗിച്ച് മാധ്യമങ്ങള്‍ ഇവരെ ബന്ധപ്പെട്ടപ്പോള്‍ പണം നല്‍കിയതായി സ്ഥിരീകരിക്കുകയും ചെയ്തു.
വാക്സിന്‍ നിര്‍ബന്ധന മൂലം കുടുംബത്തിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി നഷ്ടപ്പെട്ടതാണ് പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ കാരണമെന്ന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ മെല്‍ബണ്‍ സ്ത്രീ പറഞ്ഞു. സമരം ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പണം നല്‍കി സഹായിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് സംഭാവന നല്‍കിയ തുക തിരികെ ലഭിക്കാന്‍ ശ്രമിക്കുകയാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത മെല്‍ബണ്‍ വനിത പറഞ്ഞു.
ആദ്യം അമേരിക്കന്‍ ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റായ ഗോ ഫണ്ട് മീ വഴിയാണ് തുക സമാഹരിച്ചത്. എന്നാല്‍ ഫെബ്രുവരി ആദ്യം തന്നെ ഫണ്ട് ശേഖരണം മരവിപ്പിച്ചു. സമാധാനപരമായി നടന്ന പ്രകടനങ്ങള്‍ പിന്നീട് അക്രമാസക്തമായെന്ന റിപ്പോര്‍ട്ടുകള്‍ പോലീസില്‍നിന്നു ലഭിച്ചതിനെതുടര്‍ന്നാണ് വെബ്സൈറ്റ് ധനസമാഹരണം നിര്‍ത്തിയത്. പിന്നീടാണ് പുതിയ വെബ്‌സൈറ്റിലേക്കു മാറിയത്. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള മറ്റ് സാധ്യതകളും പ്രകടനക്കാര്‍ അന്വേഷിക്കാന്‍ തുടങ്ങി.
യു.എസില്‍നിന്നും വന്‍തോതില്‍ പ്രകടക്കാര്‍ക്കു സംഭാവന ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ശതകോടീശ്വരനായ തോമസ് സീബെല്‍ 90,000 യു.എസ് ഡോളര്‍ സംഭാവന നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് വിധേയമായതോടെ ഓഫ് ലൈനായും ഇപ്പോള്‍ പണമിടപാടുകള്‍ നടക്കുന്നു. പണം നല്‍കുന്ന പൗരന്മാരുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, പിന്‍ കോഡുകള്‍, ഐപി വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് വലിയ ആശങ്കയോടെയാണ് സര്‍ക്കാരുകള്‍ കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.